Sunday, May 19, 2024
spot_img

തളിപ്പറമ്പ് തീര്‍ത്ഥാടന ടൂറിസം പദ്ധതി; മാസ്റ്റര്‍ പ്ലാന്‍ രണ്ട് രണ്ടുമാസത്തിനകം

തളിപ്പറമ്പിൽ ചരിത്ര പ്രാധാന്യം കെട്ടുറപ്പോടെ നിലനിര്‍ത്താനും പൗരാണിക ഓര്‍മ്മകള്‍ മുതല്‍ ആധുനിക നിര്‍മ്മിതികള്‍ വരെ ജനങ്ങളിലേക്ക് എത്തിക്കാനും കഴിയുന്ന തീര്‍ത്ഥാടന പുതിയ ടൂറിസം പദ്ധതി ഉടൻ.

മണ്ഡലം എംഎല്‍എ കൂടിയായ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററിന്റെ നിര്‍ദ്ദേശപ്രകാരം കെ ടി ഐ എല്‍ എംഡി മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്.

മണ്ഡലത്തിലെ പ്രധാന ആരാധനാലയങ്ങളെയെല്ലാം കോര്‍ത്തിണക്കി സഞ്ചാരികള്‍ക്ക് ആകര്‍ഷണീയവും, വിജ്ഞാനപ്രദവുമായ രീതിയിലുള്ള സഞ്ചാരം സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്‍റെ മാസ്റ്റര്‍ പ്ലാന്‍ രണ്ടുമാസത്തിനകം തയ്യാറാക്കും.

പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ ആരാധനാലയങ്ങളിലെ കുളങ്ങള്‍ നവീകരിക്കുക, ചുമര്‍ ചിത്രങ്ങള്‍, കൊത്തുപണികള്‍ തുടങ്ങിയവ സംരക്ഷിക്കുക, തെയ്യം , ക്ഷേത്രകല, നാടന്‍കല, ആദിവാസി കല ഉള്‍പ്പെടെയുള്ള പ്രാദേശിക കലാരൂപങ്ങള്‍ക്ക് പുനര്‍ജീവനേകുന്ന പദ്ധതികളും നടപ്പാക്കും.

തീര്‍ഥാടന ടൂറിസം വികസിക്കുന്നതിനോടൊപ്പം ഇക്കോ ടൂറിസം, ഫാം ടൂറിസം,റെസ്പോണ്‍സിബിള്‍ ടൂറിസം തുടങ്ങിയ മേഖലകളിലും പുതിയ സാധ്യതകള്‍ തുറക്കും. പരമ്ബരാഗത വ്യവസായങ്ങള്‍ക്ക് കൂടുതല്‍ വിപണന സാധ്യത ഉയരുന്നതോടെ പ്രാദേശിക ജനതയുടെ സാമ്ബത്തിക വികസനവും സാധ്യമാകുന്ന തരത്തിലാകും പദ്ധതി നടപ്പാക്കുക. തീര്‍ത്ഥാടകരുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക പദ്ധതികളും ആവിഷ്കരിക്കും.

തീര്‍ത്ഥാടന ടൂറിസം സാധ്യമാകുന്നതോടെ മണ്ഡലത്തില്‍ വിപ്ലവകരമായ വികസനത്തിന് സാക്ഷ്യം വഹിക്കുമെന്നും മാസ്റ്റര്‍ പ്ലാന്‍ തയ്യാറായാല്‍ ഉടന്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

കണ്ണൂര്‍ എന്‍ജിനീയറിങ് കോളേജില്‍ വെച്ച്‌ നടന്ന തളിപ്പറമ്ബ് മണ്ഡലം തീര്‍ത്ഥാടന ടൂറിസം വികസനയോഗത്തില്‍ തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കല്‍ പത്മനാഭന്‍, ആന്തൂര്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ഉണ്ണികൃഷ്ണന്‍, തളിപ്പറമ്ബ് ആര്‍ഡിയോ പി മേഴ്സി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ എസ് ഷൈന്‍, കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എംഡി മനോജ് കുമാര്‍, ഡിടിപിസി സെക്രട്ടറി ജെ കെ ജിതേഷ് കുമാര്‍ , തളിപ്പറമ്പ് തഹസില്‍ദാര്‍ പി സജീവന്‍ എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Latest Articles