ആറന്മുള: ശബരീശ സന്നിധിയിലെ ഭക്തി സാന്ദ്രമായ മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് തുടങ്ങി. വരുന്ന 27 നാണ് 41 ദിവസത്തെ തീർത്ഥാടനകാലം അടയാളപ്പെടുത്തുന്ന മണ്ഡലപൂജ. രാവിലെ അഞ്ചു മുതല്‍ ക്ഷേത്രാങ്കണത്തില്‍ തങ്ക അങ്കി ദര്‍ശിക്കാന്‍ ഭക്തജനങ്ങള്‍ക്ക് അവസരം ഒരുക്കിയിരുന്നു
27ന് ഉച്ചക്കാണ് 41 ദിവസത്തെ മണ്ഡലകാലത്തിന് സമാപനം കുറിച്ച് സന്നിധാനത്ത് ശ്രീകോവിലിൽ തങ്ക അങ്കി ചാര്‍ത്തി മണ്ഡല പൂജ നടക്കുക. ഘോഷയാത്രയുടെ ആദ്യദിവസം രാത്രി നെടുംപ്രയാര്‍ തേവലശ്ശേരി ദേവി ക്ഷേത്രത്തിലും രണ്ടാം ദിവസം ഓമല്ലൂര്‍ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലും മൂന്നാം ദിവസം കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും നാലാം ദിവസം പെരുനാട് ശാസ്താ ക്ഷേത്രത്തിലുമാണ് രാത്രി വിശ്രമം.
പരമ്പരാഗത ആചാരക്രമം അനുസരിച്ച് ഇത്തവണ 26ന് ഉച്ചകഴിഞ്ഞ് മൂന്നിന് പമ്പയില്‍നിന്നും പുറപ്പെട്ട് വൈകുന്നേരം അഞ്ചിന് ശരംകുത്തിയില്‍ എത്തിച്ചേരും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി 6.30ന് ദീപാരാധന നടക്കും.

