Friday, May 3, 2024
spot_img

‘ഹൗ‍ഡി മോദി’:കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം; രാഹുല്‍ ഗാന്ധിയോട് വിയോജിച്ച് ശശി തരൂര്‍

ദില്ലി: അമേരിക്കയിലെ ഹ്യൂസ്റ്റണില്‍ നടക്കുന്ന ഹൗഡി മോദി മെഗാ പരിപാടിക്കെതിരെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ഇന്ത്യന്‍ പ്രധാനമന്ത്രിക്കായി ഒരുക്കുന്ന ഈ സ്വീകരണ പരിപാടി വെറും അര്‍ത്ഥമില്ലാത്ത ഒരു കാഴ്ചാപ്പൂരം മാത്രമാണെന്നാണ് രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടത്. ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള മോദി സര്‍ക്കാരിന്‍റെ അടവാണ് ഇതെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു.

എന്നാല്‍ രാഹുല്‍ഗാന്ധിയുടെ ഈ അഭിപ്രായത്തോട് ശക്തമായി വിയോജിച്ച് കൊണ്ട് കോണ്‍ഗ്രസ് എം പി ശശി തരൂര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. ഇന്ത്യയ്ക്കുള്ളില്‍ ഞങ്ങള്‍ക്ക് മോദിയുമായി അഭിപ്രായവ്യത്യാസമുണ്ട്. പക്ഷെ ഇന്ത്യയ്ക്ക് പുറത്തേക്ക് പ്രധാനമന്ത്രി സഞ്ചരിക്കുന്പോള്‍ അദ്ദേഹം രാജ്യത്തിന്‍റെ പ്രതിനിധിയായാണ് പോകുന്നത്. അതിനെ വിമര്‍ശിക്കുന്നത് ശരിയല്ല. നരേന്ദ്രമോദിക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നാണ് തരൂര്‍ അഭിപ്രായപ്പെട്ടത്.

അതേസമയം അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പോലും പങ്കെടുക്കുന്ന സ്വീകരണപരിപാടി ഇന്ത്യയുടെ യശസ്സും സ്വാധീനവും വര്‍ധിപ്പിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായപ്പെട്ട ഭൂരിപക്ഷം പേരും രാഹുലിന്‍റെ വിമര്‍ശനം അന്താരാഷ്ട്ര കാര്യങ്ങളിലുള്ള അറിവില്ലായ്മയും അദ്ദേഹം പിന്തുടരുന്ന സങ്കുചിതരാഷ്ട്രീയത്തിന്‍റെ ഉദാഹരണവുമാണെന്ന് അഭിപ്രായപ്പെടുന്നു. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അപമാനിതനായി മടങ്ങിയ അമേരിക്കയില്‍ മോദിക്ക് ലഭിക്കുന്ന വമ്പിച്ച സ്വീകരണം ഭാരതത്തിന്‍റെ നിലപാടുകള്‍ക്ക് ലഭിക്കുന്ന അംഗീകാരമാണെന്നും പലരും അഭിപ്രായപ്പെട്ടു.

അമ്പതിനായിരം പേര്‍ പങ്കെടുക്കുന്ന ഹൗഡി മോഡി സെപ്തംബര്‍ 22നാണ് ഹ്യൂസ്റ്റണില്‍ നടക്കുക. ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ഹൗഡിമോഡിയുടെ പ്രമോഷന്‍ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് പേരാണ് കണ്ടത്.

Related Articles

Latest Articles