തൃശൂർ: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ സൂചനാ പണിമുടക്ക് നടത്തി. 2017 ൽ ധാരണയായ ശമ്പള വർദ്ധനവ് ഉടൻ നടപ്പാക്കണം എന്നാണ് നഴ്‌സുമാരുടെ ആവശ്യം. തൃശൂരിലെ സ്വകാര്യ ആശുപത്രികളിലെ ഭൂരിപക്ഷം നഴ്‌സുമാരും പണിമുടക്കിൽ പങ്കെടുത്തു.
എമർജൻസി വിഭാഗത്തിലെ പ്രവർത്തനങ്ങൾക്കും, ശസ്ത്രക്രിയകൾക്കും മുടക്കം വരാതെയാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ പ്രതിഷേധം സംഘടിപ്പിച്ചത്. പണിമുടക്കുന്ന നഴ്‌സുമാർ തൃശൂർ ജില്ലാ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ചും നടത്തി.
ആശുപത്രി മാനേജ്‌മെന്റുകൾ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തയ്യാറാകുന്നില്ല. ഇവർക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ തൊഴിൽ വകുപ്പിന്റെ അനാസ്ഥയും തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് ജില്ലയിൽ യുഎൻഎയുടെ നേതൃത്വത്തിൽ നഴ്‌സുമാർ സൂചന പണിമുടക്ക് നടത്തിയത്.
പണിമുടക്ക് തൃശൂരിലെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ഡിസംബർ 15ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ നഴ്‌സുമാർ കരിദിനവും ആചരിച്ചിരുന്നു.

