മുംബൈ ; പോലീസിന്റെ അറസ്റ്റിനെ ഭയന്ന് മോഷണക്കേസ് പ്രതി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു. മുംബൈ സ്വദേശിയായ രോഹിത്താണ് മരിച്ചത്. മോഷണത്തിന് കയറിയ മറൈൻ ലൈനിനുള്ള കെട്ടിടത്തിന് മുകളിൽ നിന്നുമാണ് രോഹിത് ചാടിയത്.
മോഷണ വിവരം അറഞ്ഞ് രോഹിത്തിനെ അറസ്റ്റ് ചെയ്യാൻ സംഭവ സ്ഥലത്ത് പോലീസ് എത്തിയിരുന്നു. എന്നാൽ അറസ്റ്റ് ഭയന്ന ഇയാൾ കെട്ടിടത്തിൽ നിന്നും ചാടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നാലെ പോലീസ് ഉദ്യോഗസ്ഥർ രോഹിത്തിനായി സുരക്ഷാ വലയം ഒരുക്കുകയും ചെയ്തിരുന്നു.
ഇവിടെ നിന്നുള്ള വീഡിയോ പുറത്തുവന്നിട്ടുണ്ട്. കെട്ടിടത്തിന്റെ ഷെയ്ഡിൽ നിൽക്കുന്ന മോഷ്ടാവിനേയും താഴെ സുരക്ഷാ വലയം ഒരുക്കുന്ന പോലീസിനേയും വീഡിയോയിൽ കാണാം. രോഹിത്തിനെ താഴെയിറക്കാൻ മണിക്കൂറുകളോളം പോലീസും താമസക്കാരും അഗ്നിശമന സേനയാ ഉദ്യോഗസ്ഥരും പ്രയത്‌നിച്ചിരുന്നു.
രോഹിത്തിനെ പിടിക്കാനായി ഒരു പോലീസുകാരൻ അടുത്തെത്തിയപ്പോഴേക്കും യുവാവ് മറ്റൊരു കെട്ടിടത്തിലേക്ക് ചാടാൻ തുടങ്ങി. ഇതോടെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ രോഹിത്തിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

