Tuesday, December 23, 2025

“ഇല്ലെന്ന് പറഞ്ഞാൽ ഇല്ല” ;കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ രാഹുൽ മത്സരിക്കില്ല,റിപ്പോർട്ടുകൾ തള്ളി എഐസിസി

ദില്ലി: രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നുവെന്ന റിപ്പോർട്ടുകള്‍ തള്ളി എഐസിസി നേതൃത്വം. അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന നിലപാടില്‍ തന്നെയാണ് രാഹുല്‍ എന്ന് എഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം വിദേശത്ത് നിന്ന് മടങ്ങിയെത്തിയ രാഹുലിനെ അനുനയിപ്പിക്കാൻ മുതിര്‍ന്ന നേതാക്കള്‍ വീണ്ടും ശ്രമിച്ചേക്കും. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ ആര് ആധ്യക്ഷനാകുമെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. ശശി തരൂര്‍ മാത്രമാണ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചന നല്‍കിയിട്ടുള്ളത്. ഇതിനിടെ രാഹുല്‍ഗാന്ധി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിനെ എഐസിസി നേതൃത്വം തള്ളി.

സോണിയഗാന്ധിയുടെ ചികിത്സയ്ക്കായി വിദേശത്ത് പോയ രാഹുല്‍ നാളെ നടക്കുന്ന വിലക്കയറ്റത്തിനെതിരായ റാലിയില്‍ പങ്കെടുക്കും. നിലവിലെ അധ്യക്ഷ ചർച്ചകള്‍ക്കിടെ, ഇത് സംബന്ധിച്ച്, റാലിയില്‍ എന്തെങ്കിലും പരാമർശം രാഹുല്‍ നടത്തുമോയെന്നതിലാണ് ആകാംക്ഷ. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് ഗാന്ധി കുടുംബം താല്‍പ്പര്യപ്പെടുന്നുണ്ടെങ്കിലും ഗെലോട്ട് പല ഉപാധികളും മുന്നോട്ടു വച്ചിട്ടുണ്ട്. സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുന്നത് തടയാൻ താൻ നിര്‍ദേശിക്കുന്ന ഒരാളെ നിയോഗിക്കണം എന്നതടക്കമുളള ആവശ്യങ്ങളാണ് ഗെലോട്ട് മുന്നോട്ടു വച്ചിരിക്കുന്നത്. ഇത് നേതൃത്വത്തെ കുഴപ്പിക്കുന്നതാണ്.

Related Articles

Latest Articles