ബെംഗളൂരു : കര്‍ണാടകയിലെ അങ്കോലയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുനായുള്ള തെരച്ചലിൽ നിർണ്ണായക കണ്ടെത്തലുമായി സൈന്യം. മണ്ണിടിച്ചിലിന്റെ ഭാഗമായി രൂപപ്പെട്ട നദിക്കരയിൽ നിന്ന് 40 മീറ്റർ മാറി ലോഹ സാന്നിധ്യത്തെ സൂചിപ്പിക്കുന്ന സിഗ്നൽ ലഭിച്ചതായി സൈന്യം വ്യക്തമാക്കി. ചെളിയിൽ ട്രക്ക് പുതഞ്ഞു പോയിരിക്കാനുള്ള സാധ്യതയും സൈന്യം തള്ളിക്കളയുന്നില്ല. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സിഗ്നൽ ലഭിച്ചത്. പോയിന്റ് മാർക്ക് ചെയ്ത സൈന്യം നാളെ ഇവിടെ തെരച്ചിൽ നടത്തും
അർജുന്റെ ട്രക്ക് കരയിൽ ഇല്ലെന്ന് നേരത്തെ സൈന്യം സ്ഥിരീകരിച്ചിരുന്നു . അര്‍ജുനായുള്ള രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായുള്ള കരയിലെ തെരച്ചിൽ ഇന്നത്തോടെ പൂർത്തിയാകുമെന്ന് കാർവാർ എംഎൽഎയും വ്യക്തമാക്കിയിരുന്നു. റഡാർ പരിശോധനയിൽ ലോഹ സാന്നിധ്യം സ്ഥിരീകരിച്ച രണ്ട് സ്ഥലങ്ങളിൽ സ്ഥലത്ത് മണ്ണ് നീക്കി പരിശോധിച്ചെങ്കിലും ആശ്വാസകരമായ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. രണ്ട് മണിക്കൂർ നീണ്ട മണ്ണ് മാറ്റിയുള്ള തെരച്ചിലിൽ രണ്ട് പോയിന്റിലും മണ്ണും നീക്കിയിട്ടും ട്രക്കിന്റെ യാതൊരു ഭാഗവും കണ്ടെത്താനായില്ല.

