Saturday, December 20, 2025

അരികൊമ്പനെ പിടികൂടാനായി കൊണ്ട് വന്ന കുങ്കിയാനകളുടെ താവളം മാറ്റി,ആനകളെ കാണാൻ സന്ദർശകരുടെ വരവ് കൂടി

അരികൊമ്പനെ പിടികൂടുന്നതിനായി കൊണ്ട് വന്ന കുങ്കി ആനകളുടെ താവളം മാറ്റി.സിമന്റ് പാലത്തുനിന്നും 301 കോളനിയിലേക്കാണ് മാറ്റിയത്.ആനകളെ കാണാൻ സന്ദർശകരുടെ വരവ് കൂടിയതും, അരിക്കൊമ്പനും ചക്കക്കൊമ്പനും സ്ഥിരമായി എത്തുന്നതുമാണ് കുങ്കിത്താവളം മാറ്റാൻ കാരണം.അരിക്കൊമ്പനെ പിടിക്കാന്‍ കൊണ്ടുവന്ന കുങ്കിയാനകളെ ആള്‍ക്കൂട്ടം പ്രകോപിതരാകുന്നുവെന്നും കുങ്കിയാനകൾ ക്രമസമാധാന പ്രശ്നമായി മാറുന്നുണ്ടെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചിരുന്നു.ജനങ്ങളുടെ ആർപ്പുവിളിയും ചിത്രം പകർത്തലും അരിക്കൊമ്പനെയും പ്രകോപിതനാക്കുന്നുണ്ടെന്നും ആനപ്രേമികളുടെ തടസ ഹർജിയുടെ ആവശ്യമില്ലായിരുന്നുവെന്നും അവർ സ്വീകരിക്കുന്നത് ഏകപക്ഷീയമായ നിലപാടാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം അരിക്കൊമ്പനെ മയക്കു വെടി വെച്ച് പിടികൂടി മാറ്റുന്നതിലെ അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. വിക്രം, സൂര്യൻ, കോന്നി സുരേന്ദ്രൻ, കുഞ്ചു എന്നീ കുങ്കിയാനകൾ സിമന്റ് പാലത്ത് എത്തിയിട്ട് ആഴ്ചകളായി. ഒപ്പം 25 പേരടങ്ങുന്ന ദൗത്യസംഘ അംഗങ്ങളും. സ്വകാര്യ എസ്റ്റേറ്റിലാണ് ക്യാമ്പ് സജ്ജമാക്കിയിരുന്നത്. ദൗത്യം നീണ്ടതോടെ എസ്റ്റേറ്റിന്റെ പ്രവർത്തനത്തെ ബാധിച്ചു. കുങ്കിത്താവളം വഴിയരികിൽ ആയതിനാൽ ദിനംപ്രതി 100 കണക്കിന് പേർ ആനകളെ കാണുന്നതിനും ചിത്രം പകർത്തുന്നതിനും എത്തിയിരുന്നു. ഇതോടെയാണ് സിമന്റ് പാലത്തെ ക്യാമ്പ് 301 കോളനിയിലേക്ക് മാറ്റാൻ വനം വകുപ്പ് തീരുമാനിച്ചത്.

Related Articles

Latest Articles