Tuesday, May 28, 2024
spot_img

ഇന്ത്യക്കാരുടെ ആപ്പിൾ പ്രേമം !ഇന്ത്യയിൽ കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റഴിച്ചത് 61,384 കോടിയുടെ ഐഫോണുകളും ഐപാഡുകളും

കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിലുടനീളം ആപ്പിൾ വിറ്റഴിച്ചത് 750 കോടി ഡോളറിന്റെ (ഏകദേശം 61,384.13 കോടി രൂപ) ഐഫോണുകളും ഐപാഡുകളും. രാജ്യത്ത് നിർമാണം തുടങ്ങിയ ഐഫോണുകളുടെ ആവശ്യക്കാരുടെ എണ്ണവും കുതിച്ചുയരുകയാണ്. ഇതിനു പുറമെ മുംബൈയിലും ദില്ലിയിലും ആപ്പിൾ സ്റ്റോറുകളും വന്നു കഴിഞ്ഞു. ഇതോടെ വിൽപന ഇനിയും വർധിക്കുമെന്നാണ് കരുതുന്നത്.

വിപണിയിൽ നിരീക്ഷണം നടത്തുന്ന സ്ഥാപനമായ സിഎംആർ നൽകിയ പ്രാഥമിക കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ആപ്പിൾ രാജ്യത്ത് 70 ലക്ഷത്തിലധികം ഐഫോണുകളും 5 ലക്ഷം ഐപാഡുകളും വിറ്റിട്ടുണ്ട്. ഐഫോൺ വിൽപനയിൽ 28 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. കമ്പനി ഇന്ത്യയിലെ ആഭ്യന്തര ഉൽപാദനം ഇരട്ടിയാക്കുമ്പോൾ 2023-24 സാമ്പത്തിക വർഷത്തിൽ 6 ശതമാനം വിപണി വിഹിതം പിടിച്ചെടുക്കുമെന്നാണ് കരുതപ്പെടുന്നത്. രാജ്യത്ത് 80 ലക്ഷത്തിലധികം ഐഫോണുകൾ വിൽക്കാൻ 2023-24 സാമ്പത്തിക വർഷത്തിൽ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

അതെ സമയംകേന്ദ്ര സർക്കാരിന്റെ മെയ്ക് ഇൻ ഇന്ത്യ പദ്ധതിയും വൻ വിജയാണ് നേടിയത്. കേന്ദ്ര സർക്കാരിന്റെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീമുകൾ സജീവമായതോടെ ഇന്ത്യയിൽ നിന്നുള്ള സ്മാർട് ഫോൺ കയറ്റുമതി മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വർഷം ഇരട്ടിയായി. മാർച്ച് 31ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്ത് നിന്ന് ഏകദേശം 85,000 കോടി രൂപയുടെ ഫോണുകള്‍ ലോകത്താകമാനം കയറ്റുമതി ചെയ്തു. യുഎഇ, അമേരിക്ക , നെതർലൻഡ്‌സ്, യുകെ, ഇറ്റലി എന്നീ രാജ്യങ്ങളാണ് ഇക്കാര്യത്തിൽ ഇന്ത്യയുടെ പ്രധാന കമ്പോളങ്ങൾ

ചൈനയിൽ നിന്നുള്ള സ്‌മാർട് ഫോൺ നിർമാണ പ്ലാന്റുകൾ മാറ്റിസ്ഥാപിക്കുന്നതിൽ കോളടിച്ചിരിക്കുന്നത് ഇന്ത്യയ്ക്കും വിയറ്റ്‌നാമിനുമാണ്. 2022 അവസാനത്തിലെ കണക്കുകൾ പ്രകാരം ഐഫോണുകളുടെ മൊത്തത്തിലുള്ള ഉൽപാദന ശേഷിയുടെ 10-15 ശതമാനം ഇന്ത്യയിലാണ്. നിലവിൽ ഐഫോൺ 12, 13, 14, 14 പ്ലസ് എന്നിവ രാജ്യത്ത് നിർമിക്കുന്നുണ്ട്.

Related Articles

Latest Articles