Wednesday, December 17, 2025

ആഗോള പ്രസ്ഥാനമായ ഇസ്‌കോൺമത- മൗലികവാദ സംഘടനയെന്ന് ബംഗ്ലാദേശ് സർക്കാർ ! നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹർജി

ധാക്ക: ആഗോള ആത്മീയ സംഘടനായ ഇസ്കോണിനെ മതമൗലികവാദ സംഘടനയെന്ന് മുദ്രകുത്തി നിരോധിക്കാനുള്ള നീക്കവുമായി ബംഗ്ലാദേശ് സര്‍ക്കാര്‍. ‘ഇസ്‌കോണി’നെ രാജ്യത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ഇസ്‌കോണിനെ മതമൗലിക സംഘടനയെന്ന് വിശേഷിപ്പിച്ചത്. ഇസ്‌കോണ്‍ നേതാവും ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിന് പിന്നാലെ രാജ്യത്ത് വ്യാപകപ്രതിഷേധം തുടരുന്നതിനിടെയാണ് സര്‍ക്കാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

‘ഇസ്‌കോണ്‍’ ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും ഒരു മതമൗലികവാദ സംഘടനയാണെന്നുമാണ് അറ്റോര്‍ണി ജനറല്‍ മുഹമ്മദ് അസദുസ്സമാന്‍ ഹൈക്കോടതിയെ അറിയിച്ചത്. സര്‍ക്കാരിന്റെ വാദത്തിന് പിന്നാലെ ‘ഇസ്‌കോണി’നെ സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ റിപ്പോര്‍ട്ടും രാജ്യത്തെ ക്രമസമാധാനനിലയെക്കുറിച്ചുള്ള റിപ്പോര്‍ട്ടും വ്യാഴാഴ്ച ഉച്ചയ്ക്ക് മുമ്പായി സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.

ചിന്മയ് കൃഷ്ണദാസിനെ തിങ്കളാഴ്ചയാണ് ദേശീയ പതാകയെ അപമാനിച്ചുവെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്തത്. ഇതിനുപിന്നാലെ രാജ്യത്തെ വിവിധയിടങ്ങളില്‍ പ്രക്ഷോഭം ശക്തമായിരിക്കുകയാണ്. ഇതിനിടെയാണ് ‘ഇസ്‌കോണി’നെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Related Articles

Latest Articles