Tuesday, December 23, 2025

രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തം ! ദുരിതബാധിതർക്കായി വിശ്വശാന്തി ഫൗണ്ടേഷൻ 3 കോടി നൽകും ; സൈന്യത്തിന്റെ രക്ഷാപ്രവർത്തനത്തെ പ്രശംസിച്ച് മോഹൻലാൽ

വയനാട് : രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തമാണ് വയനാടുണ്ടായതെന്ന് നടനും ലെഫ്റ്റനന്റ് കേണലുമായ മോഹൻലാൽ. ദുരന്ത മേഖലയിലെ പുനരുദ്ധാരണത്തിനായി താനും കൂടി ഭാഗമായ വിശ്വശാന്തി ഫൗണ്ടേഷൻ മൂന്ന് കോടി രൂപ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
വയനാട്ടിലെ ദുരന്തമേഖല സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിമിഷ നേരം കൊണ്ടാണ് പലർക്കും വീടും ബന്ധുക്കളെയും നഷ്ടമായത്. നമ്മൾ എല്ലാവരും ഒരുമിച്ച് ചേർന്ന് അവരെ സഹായിക്കുന്നുവെന്നത് വലിയ കാര്യമാണ്. താൻ കൂടി അടങ്ങുന്ന മദ്രാസ് 122 ബറ്റാലിയനാണ് ദുരന്തമുഖത്ത് ആദ്യം എത്തിയത്. കഴിഞ്ഞ 16 വർഷമായി താൻ ഈ സംഘത്തിലെ അംഗമാണെന്നും അവരടക്കമുള്ള രക്ഷാപ്രവർത്തനം നടത്തുന്നവരെ നേരിട്ട് കാണാനും നന്ദി പറയാനുമാണ് എത്തിയതെന്നും മോഹൻലാൽ പറഞ്ഞു.

ആർമി യൂണിഫോമിൽ മേജർ രവിക്കൊപ്പമാണ് മോഹൻലാൽ ദുരന്തമേഖലയിൽ എത്തിയത്. മുംബൈയിൽ നിന്ന് ഇന്ന് രാവിലെയാണ് മോഹൻലാൽ നാട്ടിലെത്തിയത്. സൈനിക ക്യാംപിലേക്കാണ് ആദ്യമെത്തിയത്. തുടർന്ന് വയനാട്ടിലേക്ക് പോകുകയായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ മോഹൻലാൽ 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു.

Related Articles

Latest Articles