Monday, May 20, 2024
spot_img

കൊടുമ്പ് കരിങ്കരപ്പുള്ളിയിൽ പാടത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു !കാട്ടുപന്നിക്കു വച്ച വൈദ്യുതിക്കെണിയിൽ പെട്ടാണ് യുവാക്കൾ മരിച്ചതെന്നും പരിഭ്രാന്തിയിൽ കുഴിച്ചിടുകയായിരുന്നുവെന്നും സ്ഥലമുടമയുടെ മൊഴി ! മൃതദേഹങ്ങൾ വയറു കീറിയ നിലയിൽ

പാലക്കാട് : കൊടുമ്പ് കരിങ്കരപ്പുള്ളിയിൽ പാടത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ സമീപ പ്രദേശത്ത് നിന്ന് കാണാതായ യുവാക്കളുടേതെന്ന് സ്ഥിരീകരിച്ചു. യുവാക്കളുടെ ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹങ്ങൾ വയറു കീറിയ നിലയിലാണ് കണ്ടെത്തിയത്. ഒരാളുടെ കാലിനു മുകളിൽ മറ്റൊരാളുടെ തലവരുന്ന രീതിയിൽ ഒന്നിനു മുകളിൽ ഒന്നായി അട്ടിയായിട്ടാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. തെക്കേംകുന്നം സ്വദേശി മണികണ്ഠന്റെയും ഉദയകുമാരിയുടെയും മകനായ ഷിജിത്ത്, കാളാണ്ടിത്തറയിൽ കൃഷ്ണകുമാരിയുടെയും പരേതനായ മാണിക്കന്റെയും മകനായ സതീഷ് എന്നിവരാണ് മരിച്ചത്. ഷിജിത്ത് പെയിന്റിങ് തൊഴിലാളിയും സതീഷ് കൂലിപ്പണിക്കാരനുമാണ്.

പ്രതി അനന്തനുമായി സംഭവസ്ഥലത്തെത്തി പോലീസ് തെളിവെടുപ്പു നടത്തി. പ്രദേശത്തു നിന്ന് മരിച്ച യുവാക്കളുടെ ചെരുപ്പും വസ്ത്രങ്ങളും ലഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും. ഇന്നലെ വൈകുന്നേരത്തോടെയാണ് അമ്പലപ്പറമ്പ് പാൽനീരി കോളനിക്കു സമീപത്തെ നെൽപാടത്തു 2 യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. കാട്ടുപന്നിക്കു വച്ച വൈദ്യുതിക്കെണിയിൽ പെട്ടാണ് യുവാക്കൾ മരിച്ചതെന്നും പരിഭ്രാന്തിയിൽ കുഴിച്ചിടുകയായിരുന്നെന്നും സ്ഥല ഉടമയായ അനന്തൻ പൊലീസിൽ മൊഴിനൽകി.

ഞായറാഴ്ച രാത്രി വേനോലിയിൽ ഒരു സംഘവുമായുണ്ടായ സംഘട്ടനത്തെത്തുടർന്നു സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിൻ, അജിത്ത് എന്നിവർക്കെതിരെ കസബ പോലീസ് കേസെടുത്തിരുന്നു. തുടർന്ന് 4 പേരും അമ്പലപ്പറമ്പിൽ സതീഷിന്റെ ബന്ധുവീട്ടിലെത്തിയിരുന്നു. ഇതിനിടെ, പൊലീസ് സ്ഥലത്തെത്തിയെന്നു ഭയന്ന് ഇന്നലെ പുലർച്ചെ ഇവർ ബന്ധുവീട്ടിൽ നിന്നു പാടത്തേക്കിറങ്ങിയോടി. അഭിനും അജിത്തും ഒരു വശത്തേക്കും സതീഷും ഷിജിത്തും മറ്റൊരു ദിക്കിലേക്കുമാണ് ഓടിയത്.

അഭിനും അജിത്തും പിന്നീട് വേനോലിയിൽ എത്തിയെങ്കിലും സതീഷിനെയും ഷിജിത്തിനെയും കാണാതായി. ഫോൺ വിളിച്ചപ്പോഴും മറുപടി ലഭിക്കാത്തതിനെത്തുടർന്ന് ഇരുവരും കസബ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഇതോടെ പോലീസ് പരിസരത്തു നടത്തിയ തിരിച്ചിലിലാണു പാടത്തു മണ്ണ് ഇളകിയ നിലയിൽ കണ്ടെത്തിയത്. മണ്ണു നീക്കിയപ്പോഴാണു മൃതദേഹങ്ങൾ കണ്ടെത്തിയത്.

Related Articles

Latest Articles