ചാലക്കുടി: അബുദാബി ഇരട്ടക്കൊലപാതകത്തിൽ മരിച്ച നോർത്ത് ചാലക്കുടി സ്വദേശിനി വാളിയേങ്കൽ ഡെൻസിയുടെ മൃതദേഹം ഇന്ന് പുറത്തെടുക്കും. നോർത്ത് ചാലക്കുടി സെന്റ് ജോസഫ്സ് പള്ളിയിലെ കുഴിമാടം തുറന്നാണ് ഡെൻസിയുടെ ഭൗതികാവശിഷ്ടം റീപോസ്റ്റുമോർട്ടത്തിനായി പുറത്തെടുക്കുക. ഇരിങ്ങാലക്കുട ആർഡിഒ എച്ച്. ഹരീഷിന്റെ നേതൃത്വത്തിലായിരിക്കും ഇൻക്വസ്റ്റ്. തൃശൂർ മെഡിക്കൽ കോളജിലെ പൊലീസ് സർജൻ ഡോ. ഉന്മേഷിന്റെ നേതൃത്വത്തിലാണ് ഫൊറൻസിക് പരിശോധനയും റീ പോസ്റ്റുമോർട്ടവും.
കഴിഞ്ഞ വർഷം മാർച്ച് 5നാണ് ഡെൻസിയും ഇവർ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമ ഹാരിസും കൊല്ലപ്പെട്ടത്. ഷാബാ ഷെരീഫ് വധക്കേസിലെ മുഖ്യപ്രതി ഷൈബിൻ അഷറഫാണു കൊലപാതകത്തിലെ സൂത്രധാരനെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഷാബാ ഷെരീഫ് വധക്കേസിൽ അറസ്റ്റിലായ പ്രതികളിൽ നിന്നാണ് ഈ സൂചന ലഭിച്ചത്. തങ്ങളാണു കൊലപാതകം നടത്തിയതെന്നും ഷൈബിന്റെ നിർദേശപ്രകാരമായിരുന്നുവെന്നുമാണ് പ്രതികളുടെ കുറ്റസമ്മതം. ഇതിന് പിന്നാലെയാണ് റീ പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികളിലേക്കു നീങ്ങിയത്.

