വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും ചേലക്കര നിയമസഭാ മണ്ഡലത്തിലെയും പരസ്യപ്രചാരണത്തിന് ഇന്ന് വൈകുന്നേരം കൊട്ടിക്കലാശമാകും. നാളത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാൾ രണ്ടിടങ്ങളിലും ജനം വിധിയെഴുതും. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാർത്ഥി. സിപിഐ നേതാവ് സത്യന്‍ മൊകേരിയാണ് എല്‍ഡിഎഫിനായി മത്സരരംഗത്തുള്ളത്. നവ്യ ഹരിദാസാണ് എന്‍ഡിഎ സ്ഥാനാർത്ഥി. നവ്യ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് കൽപ്പറ്റയിൽ സമാപിക്കും. ചേലക്കരയില്‍ എല്‍ഡിഎഫിനായി യു.ആര്‍ പ്രദീപും യുഡിഎഫിനായി രമ്യ ഹരിദാസും എന്‍ഡിഎയ്ക്കായി കെ ബാലകൃഷ്ണനുമാണ് മത്സരരംഗത്തുള്ളത്. പതിവില്‍നിന്നു വ്യത്യസ്തമായ പ്രചാരണരീതികളാണ് ഇത്തവണ വയനാട്ടില്‍ കണ്ടത്. വൈകുന്നേരം അഞ്ച് മണിയോടെയാണ് കൊട്ടിക്കലാശമെങ്കിലും കോണ്‍ഗ്രസിന്റെ പ്രചാരണ സമാപന പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞു.
വീറും വാശിയും നിറഞ്ഞ ചേലക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും ഇന്ന് സമാപനമാകും. വൈകുന്നേരം നാലരയോടെ സ്ഥാനാർത്ഥികളും പ്രവര്‍ത്തകരും ചേലക്കര ബസ് സ്റ്റാൻഡ് പരിസരത്തെത്തും. പഞ്ചായത്ത് തലത്തിലും കൊട്ടിക്കലാശം നടക്കും.
അതേസമയം കല്‍പ്പാത്തി രഥോത്സവത്തെ തുടര്‍ന്ന് പാലക്കാട് ഉപതെരഞ്ഞെടുപ്പ് 20-ലേക്ക് നീട്ടിയിരുന്നു. ഇവിടെ 18-നാണ് പരസ്യപ്രചാരണം അവസാനിക്കുക

