തിരുവനന്തപുരം: അടിച്ചമർത്തലുകളെ വിപ്ലവ വീര്യം കൊണ്ട് നിലംപരിശാക്കിയ വി.എസ്. അച്യുതാനന്ദന് കണ്ണീരോടെ കേരളം വിടചൊല്ലുന്നു. എസ്.യു.ടി ആശുപത്രിയിൽനിന്ന് 7.15-ഓടെ വിഎസിന്‍റെ മൃതദേഹം ആംബുലൻസിൽ തിരുവനന്തപുരത്തെ എകെജി പഠനകേന്ദ്രത്തിലെത്തിച്ചു. പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങളാണ് എകെജി പഠനകേന്ദ്രത്തിന് മുന്നിൽ ഒഴുകിയെത്തിയത്. മുദ്രാവാക്യങ്ങൾക്കിടയിലും തങ്ങളുടെ ചങ്കിടിപ്പായ നേതാവിന്റെ മൃതദേഹത്തിന് മുന്നിൽ പ്രവർത്തകർക്ക് കണ്ഠമിടറി. വൈകാരിക രംഗങ്ങൾക്ക് കൂടിയാണ് എകെജി പഠനകേന്ദ്രം സാക്ഷിയാകുന്നത്.
എകെജി പഠനകേന്ദ്രത്തിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം തിരുവന്തപുരത്തെ മകന്റെ വസതിയിലേക്ക് മാറ്റും. നാളെ രാവിലെ ഒന്‍പത് മണിക്ക് വീട്ടില്‍നിന്ന് ദര്‍ബാര്‍ ഹാളിലേയ്ക്ക് പൊതുദര്‍ശനത്തിനായി കൊണ്ടുപോകും. എല്ലാവര്‍ക്കും അവിടെ പൊതുദര്‍ശനത്തിന് അവസരമുണ്ടാകും. ഉച്ചയ്ക്ക് ശേഷം ദേശീയപാത വഴി ആലപ്പുഴയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ വീട്ടില്‍നിന്ന് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിച്ച് പൊതുദര്‍ശനത്തിന് അനുവദിക്കും. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും.
ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.20 നാണ് വി എസ് അന്തരിച്ചത്.

