Monday, May 20, 2024
spot_img

വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ വീട്ടമ്മയെ കണ്ടെത്തിയ കേസ് ; 17 വർഷങ്ങൾക്ക് ശേഷം ഭർത്താവിന്റെ അറസ്റ്റിലെത്തിച്ചത് മൃതദേഹത്തിന്റെ കൈക്കുള്ളിലുണ്ടായിരുന്ന 40 മുടിയിഴകൾ!

തിരുവല്ല∙ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ വീട്ടമ്മയെ കണ്ടെത്തിയ കേസിൽ 17 വർഷത്തിനുശേഷം ഭർത്താവിന്റെ അറസ്റ്റിലെത്തിച്ചത് കൊല്ലപ്പെട്ട രമാദേവിയുടെ മൃതദേഹത്തിന്റെ കൈകളിലുണ്ടായിരുന്ന 40 മുടിയിഴകൾ. ഒരു കയ്യിൽ 36 ഉം മറ്റേകയ്യിൽ 4 മുടിയിഴകളും ഉണ്ടായിരുന്നു. ഈ മുടിയിഴകൾ അന്നു തന്നെ ശാസ്ത്രീയപരിശോധനയ്ക്കയച്ച് ഭർത്താവ് ജനാർദനൻ നായരുടെതാണെന്നു കണ്ടെത്തിയിരുന്നു. കൊലപാതകം നടന്ന് നാലുവർഷത്തിനു ശേഷമാണ് പരിശോധനാ റിപ്പോർട്ട് ലഭിച്ചത്.

ജനാർദനൻ നായരുടെ സഹോദരൻ മറ്റൊരു കൊലപാതക കേസിൽ പ്രതിയാണ്. ഇതോടെ അയാളെ കേന്ദ്രീകരിച്ചും അന്ന് അന്വേഷണം നടന്നു. എന്നാൽ അന്വേഷണം അധികം മുന്നോട്ടു പോയില്ല. പുതിയ ക്രൈം ബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ഇൻസ്പെക്ടർ സുനിൽ രാജ് വന്നതിനുശേഷം അന്വേഷണം പുനരാരംഭിച്ചു. 17 വർഷത്തിനുശേഷമാണ് ഭർത്താവ് ജനാർദനൻ നായരെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

17 വർഷങ്ങൾക്കു മുമ്പ് 2006 മേയ് 26നു വൈകുന്നേരമാണ് പുല്ലാട് വടക്കേക്കവല വടക്കേചട്ടുകുളത്ത് സി.ആർ.ജനാർദനൻ നായരുടെ ഭാര്യ രമാദേവിയെ (50) കഴുത്തിൽ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ വീട്ടിലെ ഊണ് മുറിയിൽ നിന്ന് കണ്ടെത്തിയത്.കൊടുവാളുപോലെ ചുണ്ടുള്ളതും മൂർച്ചയേറിയതുമായ ആയുധമാണു കൊലപാതകത്തിന് ഉപയോഗിച്ചതെന്നു പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. സംഭവത്തിൽ ഇവരുടെ വീടിനോടു ചേർന്നു കെട്ടിടനിർമാണത്തിൽ ഏർപ്പെട്ടുകൊണ്ടിരുന്ന തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്‌തിരുന്നു. എന്നാൽ, തമിഴ്‌നാട് സ്വദേശിയായ ചുടലമുത്തു എന്ന തൊഴിലാളിയെ സംഭവ ദിവസം മുതൽ കാണാതായി. ഇതോടെ അന്വേഷണം ആ വഴിക്കു തിരിഞ്ഞു. എന്നാൽ ഇയാളെയും ഇയാൾക്കൊപ്പം താമസിച്ചിരുന്ന സ്ത്രീയെയും കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്കു കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം ഈ സ്ത്രീയെ തെങ്കാശിയിൽ വച്ച് കണ്ടെത്തി. തുടർന്നു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles