Sunday, January 4, 2026

രാജ്യത്തെ വ്യോമയാന മേഖല കുത്തകകൾക്ക് വിട്ടു കൊടുക്കില്ല ! 2 വിമാനക്കമ്പനികൾക്ക് കൂടി പ്രവർത്തനാനുമതി നൽകി കേന്ദ്ര സർക്കാർ

സമീപകാലത്തുണ്ടായ ഇൻഡിഗോ വിമാന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ വ്യോമയാന മേഖലയിലെ കുത്തകകൾക്ക് പകരമായി കൂടുതൽ വിമാനക്കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകി കേന്ദ്ര സർക്കാർ. വിപണിയിലെ മത്സരസാധ്യതകൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് പുതിയ കമ്പനികൾക്ക് കൂടി വ്യോമയാന മന്ത്രാലയം പ്രാഥമിക അനുമതി (NOC) നൽകി.

വ്യോമയാനമന്ത്രി റാം മോഹൻ നായിഡുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞയാഴ്ച നടന്ന ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടത്. ശംഖ് എയർ എന്ന കമ്പനിക്ക് നേരത്തെ തന്നെ അനുമതി ലഭിച്ചിരുന്നു. ഈ ആഴ്ചയോടെ അൽ ഹിന്ദ് എയർ, ഫ്ലൈ എക്സ്പ്രസ് എന്നീ കമ്പനികൾക്കും എൻ.ഒ.സി ലഭിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചു. ഇൻഡിഗോയും എയർ ഇന്ത്യയും ചേർന്ന് ഏകദേശം 90 ശതമാനത്തോളം വിപണി നിയന്ത്രിക്കുന്ന നിലവിലെ സാഹചര്യത്തിൽ കൂടുതൽ കമ്പനികൾ വരുന്നത് യാത്രക്കാർക്ക് ഗുണകരമാകുമെന്ന് മന്ത്രാലയം വിലയിരുത്തുന്നു.

ഇൻഡിഗോയിൽ അടുത്തിടെയുണ്ടായ സാങ്കേതികവും പ്രവർത്തനപരവുമായ തകരാറുകൾ മൂലം നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്നിരുന്നു. ഒരു വിമാനക്കമ്പനി മാത്രം വിപണി അടക്കിവാഴുന്നത് ഇത്തരം സന്ദർഭങ്ങളിൽ രാജ്യത്തെ വ്യോമഗതാഗതത്തെ മൊത്തമായി ബാധിക്കുമെന്ന് ഈ പ്രതിസന്ധി തെളിയിച്ചു. ഈ സാഹചര്യം കണക്കിലെടുത്താണ് പുതിയ സംരംഭകർക്ക് വേഗത്തിൽ അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചത്.

മോദി സർക്കാരിന്റെ നയപരമായ തീരുമാനങ്ങൾ വഴി രാജ്യത്തെ വ്യോമയാന മേഖലയെ ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന വിപണിയാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി റാം മോഹൻ നായിഡു എക്‌സിൽ (X) കുറിച്ചു. ഉഡാൻ പോലുള്ള പദ്ധതികൾ വഴി പ്രാദേശിക വിമാന സർവീസുകൾ മെച്ചപ്പെട്ടത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എൻ.ഒ.സി ലഭിച്ചതോടെ പുതിയ കമ്പനികൾക്ക് സർവീസ് തുടങ്ങാനുള്ള പ്രാഥമിക തയാറെടുപ്പുകൾ ആരംഭിക്കാം. എന്നാൽ വിമാനങ്ങൾ പറത്തി തുടങ്ങുന്നതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (DGCA) എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (AOC) കൂടി ലഭിക്കേണ്ടതുണ്ട്. സാമ്പത്തിക ഭദ്രത, വിമാനങ്ങളുടെ ലഭ്യത, ജീവനക്കാരുടെ പരിശീലനം, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ കൃത്യമായി പാലിച്ചാൽ മാത്രമേ ഈ അനുമതി ലഭിക്കുകയുള്ളൂ. സ്റ്റാർ എയർ, ഇന്ത്യ വൺ എയർ തുടങ്ങിയ കമ്പനികൾ ഇതിനകം തന്നെ പ്രാദേശിക റൂട്ടുകളിൽ വിജയം കൈവരിച്ചിട്ടുണ്ട്.

ഇൻഡിഗോ പ്രതിസന്ധിക്ക് പിന്നാലെ സർക്കാർ സ്വീകരിക്കുന്ന ഈ നടപടി വ്യോമയാന മേഖലയിലെ ആരോഗ്യകരമായ മത്സരത്തിന് വഴിതുറക്കുമെന്നാണ് കരുതപ്പെടുന്നത്. എങ്കിലും ഉയർന്ന ഇന്ധനവിലയും കടുത്ത മത്സരവും നേരിട്ട് പുതിയ കമ്പനികൾ എത്രത്തോളം പിടിച്ചുനിൽക്കുമെന്നത് നിർണായകമാകും .

Related Articles

Latest Articles