മുംബൈ: നാല് വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അദ്ധ്യാപകനെ അഞ്ച് വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി. 35കാരനായ ചാരുദത്ത ബാരോൾ എന്ന അദ്ധ്യാപകനാണ് കോടതി ശിക്ഷ വിധിച്ചത്. വിദ്യാർത്ഥികൾക്ക് നേരെയുള്ള ഇത്തരം ലൈംഗികാതിക്രമങ്ങൾ, മറ്റ് പെൺകുട്ടികളുടെ സ്കൂളിൽ പോകാനുള്ള അവസരങ്ങളെ കൂടി ബാധിക്കും. നിലവിലെ കേസിലെ ഇരകൾക്ക് കുറ്റകൃത്യം റിപ്പോർട്ട് ചെയ്യാൻ ധൈര്യമുണ്ട്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് കുടുംബം പൂർണ പിന്തുണ നൽകുന്ന അവസ്ഥ ഇപ്പോഴും നമ്മുടെ സമൂഹത്തിൽ ഇല്ല. ഇങ്ങനെയുള്ള സംഭവങ്ങൾ കൂടി ഉണ്ടാകുമ്പോൾ പെൺമക്കളെ സ്‌കൂളിൽ അയയ്ക്കാൻ രക്ഷിതാക്കൾ ഭയപ്പെടുകയാണെന്നും ജഡ്ജി അഭിപ്രായപ്പെട്ടു.
ഗണിതവും സയൻസും പഠിപ്പിക്കുന്ന അദ്ധ്യാപകനായിരുന്നു പ്രതി. 2015 നവംബറിനും 2016 മാർച്ചിനും ഇടയിൽ സ്‌കൂൾ ഗ്രൗണ്ടിൽ വച്ച് അഞ്ചിലും ആറിലും പഠിക്കുന്ന നാലു വിദ്യാർത്ഥിനികളെ ഇയാൾ പീഡിപ്പിച്ചുവെന്നാണ് ആരോപണം. പെൺകുട്ടികളിലൊരാൾ അമ്മയോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സ്‌കൂളിനെ ബാധിക്കുന്ന വിഷയമായതിനാൽ പ്രശ്നം അവസാനിപ്പിക്കാൻ കുട്ടിയുടെ അമ്മയോട് മറ്റൊരു അദ്ധ്യാപികയായ മിനാക്ഷി ബൊരാഡെ ആവശ്യപ്പെട്ടു. തുടർന്നാണ്, രക്ഷിതാവ് മറ്റ് പെൺകുട്ടികളുടെ മാതാപിതാക്കളോട് സംസാരിച്ചതും പോലീസിൽ പരാതി നൽകിയതും.

