Wednesday, May 15, 2024
spot_img

വീണയ്ക്ക് ആദ്യം പ്രതിരോധം തീർത്തത് സിപിഐഎം സെക്രട്ടറിയേറ്റ്: നിയമവ്യവസ്ഥയ്ക്കുളളിൽ നിന്ന് എല്ലാ പോരാട്ടവും നടത്തും , വീണയ്ക്കെതിരെ ആരോപണങ്ങളാവർത്തിച്ച് മാത്യു കുഴൽനാടൻ

വീണാ വിജയൻ തുടങ്ങിയ എക്സാലോജിക് കമ്പനിയുടെ പ്രവർത്തനം ദുരൂഹമെന്ന് ആദ്യമേ പറഞ്ഞതാണെന്നും എന്നാൽ വീണയ്ക്ക് ആദ്യം പ്രതിരോധം തീർത്തത് സിപിഐഎം സെക്രട്ടറിയേറ്റാണെന്നും മാത്യു കുഴൽനാടൻ എംഎൽഎ. ഇതിൽ സിപിഐഎം നിലപാട് വ്യക്തമാക്കണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസി അന്വേഷണത്തിൽ അസ്വാഭാവികതയുണ്ടോ എന്ന് മന്ത്രി മുഹമ്മദ് റിയാസ് മറുപടി പറയണം. നോട്ടീസ് കിട്ടിയ ശേഷം കെഎസ്‌ഐഡിസി നൽകിയ മറുപടി എന്താണെന്ന് മന്ത്രി പി രാജീവ് പറയണമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

സിഎംആർഎൽ കോടാനുകോടി രൂപയുടെ ലാഭം മറച്ചുവെച്ചു. സിഎംആർഎല്ലിൽ 14 % ഷെയർ സംസ്ഥാന സർക്കാരിനുണ്ട്. സർക്കാരിന് കിട്ടേണ്ട പണം തട്ടിയെടുത്ത സിഎംആർഎല്ലിനെതിരെ സർക്കാർ എന്ത് നടപടി എടുത്തുവെന്ന് വ്യവസായ മന്ത്രി മറുപടി പറയണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘കോടികളുടെ തട്ടിപ്പിന് സർക്കാരും വ്യവസായ വകുപ്പും കൂട്ട് നിന്നു എന്ന് അനുമാനിക്കേണ്ടി വരും. അന്വേഷണം പ്രഖ്യാപിച്ചതിൽ അമിതാവേശം ഇല്ല. അന്വേഷണത്തിലൂടെ കൂടുതൽ കാര്യങ്ങൾ പുറത്ത് കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു. നിരവധി കമ്പനികളിൽ നിന്ന് എക്സാലോജിക് കോടാനുകോടി രൂപ സേവനം നൽകാതെ കൈപ്പറ്റി. ചെയ്യാത്ത സേവനത്തിന് ആണ് പണം നൽകിയത് എന്ന കണ്ടെത്തൽ ആരും ചലഞ്ച് ചെയ്തിട്ടില്ല. മുഖ്യമന്ത്രിക്ക് വേണ്ടി മുഖ്യമന്ത്രിയുടെ മകൾ വാങ്ങിയ കൈക്കൂലി പണമാണെന്ന് പറയാൻ ഒരു മടിയുമില്ല. പൊതുസമൂഹത്തിന് മുന്നിൽ സിപിഐഎം സെക്രട്ടറിയേറ്റ് മറുപടി പറയട്ടെ. തനിക്ക് എതിരായ വിജിലൻസ് നടപടി ഉൾപ്പെടെ കഴിയാവുന്ന കാര്യങ്ങൾ ചെയ്യട്ടെ’, മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.

Related Articles

Latest Articles