ഇടുക്കി: കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലുണ്ടായിരുന്ന പോപ്പുലർ ഫ്രണ്ടിന്റെ കള്ളപ്പണം വെളുപ്പിക്കൽ കേന്ദ്രമായ റിസോർട്ടിന് അനധികൃതമായി പ്രവർത്തനാനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം. ഇടുക്കി മാങ്കുളത്താണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മാങ്കുളം പഞ്ചായത്ത് സെക്രട്ടറി, സെക്ഷൻ ക്ലർക്ക് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ പോലീസ് ചോദ്യം ചെയ്തു.
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിൻ്റെ നേതാവായിരുന്ന എം കെ അഷറഫിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിന് മതിയായ രേഖകളില്ലാതെ പ്രവർത്തനാനുമതി നൽകിയെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ സെക്രട്ടറി, സെക്ഷൻ ക്ലർക്ക് എന്നിവർക്കെതിരെ വകുപ്പുതല നടപടിയുണ്ടാകും. ചോദ്യം ചെയ്യലിൽ ഉദ്യോഗസ്ഥർ വീഴ്ച്ച സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം.
പോപ്പുലർ ഫ്രണ്ട് ബന്ധത്തെ തുടർന്ന് ഇഡി ഉൾപ്പെടെയുള്ള വിവിധ കേന്ദ്ര അന്വേഷണ ഏജൻസികൾ പലതവണ മാങ്കുളം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഈ റിസോർട്ടിൽ പരിശോധന നടത്തിയിരുന്നു. എം കെ അഷറഫ് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ ഇപ്പോൾ ജയിലിലാണ്.

