Sunday, May 19, 2024
spot_img

വിദ്യാർത്ഥികളെ വീണ്ടും ആശങ്കയിലാഴ്ത്തി മലപ്പുറത്ത് ഇത്തവണയും പ്ലസ് വൺ സീറ്റ് ക്ഷാമം; 20,000 കുട്ടികൾക്ക് സീറ്റില്ല

മലപ്പുറം: ഇത്തവണയും പ്ലസ് വൺ സീറ്റിന് ക്ഷാമം. 20,000ത്തോളം കുട്ടികൾക്ക് പ്ലസ് വൺ സീറ്റ് ലഭിക്കില്ല. ജില്ലയിൽ ഇത്തവണ എസ്എസ്എൽസി വിജയിച്ചത് 77,827 വിദ്യാർത്ഥികളാണ്. സർക്കാർ ,എയ്ഡഡ് സ്‌കൂളുകളിലായി ആകെ ഉള്ളത് 41950 സീറ്റുകൾ മാത്രമാണ്. 11,300 അൺ എയ്ഡഡ് കൂടെ ചേർന്നാൽ ആകെ 53,250 സീറ്റുകളാണുള്ളത്. താൽക്കാലിക ബാച്ചുകളും ,വിഎച്സി ,ഐടിഐ സീറ്റുകൾ കൂടി ഉൾപ്പെടുത്തിയാലും 20,000 വിദ്യാർത്ഥികൾ പുറത്താകും. ജൂലൈ 5 മുതലാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുക.

പ്ലസ് വൺ സീറ്റ് ക്ഷാമം നേരിടുന്ന മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 150 ഓളം ബാച്ചുകൾ അധികമായി അനുവദിക്കണമെന്നു പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിച്ച പ്രഫ.വി.കാർത്തികേയൻ നായർ സമിതി ശുപാർശ ചെയ്തിരുന്നു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ കുട്ടികൾ തീരെ കുറഞ്ഞ ബാച്ചുകൾ ഇവിടേക്കു മാറ്റുകയും പുതിയ ബാച്ചുകൾ അനുവദിക്കുകയും ചെയ്യാം. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ മാത്രം ബാച്ചുകളിൽ 10% മാർജിനൽ സീറ്റ് (ഒരു ബാച്ചിൽ പരമാവധി 55 കുട്ടികൾ) അനുവദിക്കാം. മറ്റു ജില്ലകളിലെല്ലാം മാർജിനൽ സീറ്റുകൾ അനുവദിക്കാതെ ഒരു ബാച്ചിലെ കുട്ടികളുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തണമെന്നും ശുപാർശ ചെയ്തിരുന്നു.

Related Articles

Latest Articles