കൊച്ചി : ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായി പണം കണ്ടെത്തുന്നതിനായി പ്രമുഖ എഡ്യൂടെക്ക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ വീടുകൾ പണയം വച്ചുവെന്ന് റിപ്പോർട്ട്. ബൈജുവിന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയിലുള്ള വീടുകൾ ഈടായി നൽകി ലഭിച്ച തുക ഉപയോഗിച്ച് 15,000 ജീവനക്കാർക്ക് ശമ്പളം നൽകിയെന്ന് ഒരു പ്രമുഖ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ബംഗളൂരു നഗരത്തിലെ രണ്ട് വലിയ വീടുകൾ പണയമായി നൽകി നൂറ് കോടി രൂപയ്ക്കടുത്ത് സമാഹരിച്ചെന്നാണ് വാർത്തകൾ. സാമ്പത്തിക പ്രതിസന്ധി മൂലം വലയുന്ന കമ്പനി പാപ്പർ ഹർജി ഒഴിവാക്കാൻ പരമാവധി ഫണ്ട് സമാഹരിക്കാനുള്ള ശ്രമത്തിലാണ്. പുതിയ വായ്പ ലഭ്യമാക്കാനായി റിസ്‌ക് ഉപദേശക ഗ്രൂപ്പായ ക്രോളിനെ ബൈജൂസ് നിയമിച്ചിരുന്നു. അതിനിടെയാണ് ഏറെ ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തൽ.
ഒരു കാലത്ത് ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്ത് എതിരാളികളില്ലാത്ത അതികായകന്മാരായിരുന്നു ബൈജൂസ് ലേണിംഗ് ആപ്പ്. 120ലധികം രാജ്യങ്ങളിൽ വേരുറപ്പിച്ചിരുന്ന ബൈജൂസിൽ തകർച്ച നേരിട്ട് ഒരു വർഷത്തിനിടെ 100ലേറെ ഓൺലൈൻ വിദ്യാഭ്യാസ ആപ്പുകളാണ് ഇന്ന് വിപണിയിൽ വളർന്ന് പന്തലിച്ചത്.
15 കോടിയിലധികം വരിക്കാർ ഉണ്ടായിരുന്ന ബൈജൂസിൽ നിന്ന് വലിയൊരു ശതമാനം മറ്റ് ആപ്പുകളിലേയ്ക്ക് ചേക്കേറിയിട്ടുണ്ട്. സ്‌കൂൾ, കോളേജ് ക്ലാസുകളിലെ സിലബസുകൾക്ക് പുറമേ പി.എസ്.സി, എസ്.എസ്.സി, ബാങ്കിംഗ്, സിവിൽ സർവീസ് പോലുള്ള മത്സര പരീക്ഷകൾക്കും ക്ലാസുകൾ മറ്റ് ആപ്പുകളിൽ ലഭ്യമായതോടെ അവയുടെ ജനപ്രീതി കുത്തനെ ഉയർന്നു. ബൈജൂസിൽ നിന്ന് രാജി വച്ച ജീവനക്കാരും ഈ ആപ്പുകളിൽ ജോലി നേടി. കോഴ്സുകൾക്ക് അമിതമായി പണം വാങ്ങിക്കുന്നുണ്ടെന്ന് മുമ്പ് തന്നെ രക്ഷിതാക്കൾ ബൈജൂസിനെതിരെ പരാതിപ്പെട്ടിട്ടുണ്ട്. ബൈജൂസിന്റെ പകുതി വിലയ്ക്ക് മെച്ചപ്പെട്ട സേവനമാണ് മറ്റ് ആപ്പുകളുടെ വാഗ്ദാനം ചെയ്യുന്നത് എന്നതും മറ്റൊരു തിരിച്ചടിയായി.

