കൊച്ചി :ആലുവയിൽ ബിഹാർ സ്വദേശിനിയായ അഞ്ചുവയസ്സുകാരി ചാന്ദ്നിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട് പുറത്തു വന്നു. സംഭവ സമയത്ത് പ്രതി മദ്യപിച്ചിരുന്നില്ലെന്നും കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിനിരയായെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
കൊലപാതകത്തിൽ കൂടുതൽ സാക്ഷികളെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്ന് ഡിഐജി ശ്രീനിവാസ് പറഞ്ഞു. “കുട്ടി മരിക്കുന്നതിന് ഒരു മണിക്കൂർ മുൻപുവരെ കണ്ട സാക്ഷികളുണ്ട്. കൂടുതൽ അന്വേഷണം നടത്തുകയാണ്. കുട്ടിയെ പ്രതി അസഫാഖിന്റെ കൂടെ കണ്ട സാക്ഷികളെയാണ് കണ്ടെത്തേണ്ടത്. സിസിടിവി ദൃശ്യങ്ങളല്ലാതെ ദൃക്സാക്ഷികളെയാണ് തിരയുന്നത്. അങ്ങനെയുള്ള സാക്ഷികളെ കിട്ടിയാൽ തിരിച്ചറിയൽ പരേഡ് നടത്താനുള്ള നടപടി സ്വീകരിക്കും
കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്നും മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഇതുവരെയുള്ള അന്വേഷണത്തിൽ മറ്റ് ആളുകളുടെ പങ്ക് കണ്ടെത്തിയിട്ടില്ല. അസഫാഖിനെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ട്. പ്രതി ബിഹാർ സ്വദേശി തന്നെയാണെന്നു സ്ഥിരീകരിച്ചു. അവിടുത്തെ പൊലീസിനെ ബന്ധപ്പെട്ടിരുന്നു. അവിടെ കേസുകളിൽ പ്രതിയായിട്ടുണ്ടോ എന്നുള്ള വിവരങ്ങൾ ലഭിക്കണം. ആവശ്യമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർ ബിഹാറിൽ പോകും” – ഡിഐജി ശ്രീനിവാസ് പറഞ്ഞു.
കേസിൽ റിമാൻഡിലായ പ്രതി അസഫാഖ് ആലത്തിനെ ഇന്നുച്ചയോടെ ആലുവ സബ് ജയിലിലടച്ചു. കഴിഞ്ഞ ദിവസമാണ് അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ അസഫാഖിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

