Sunday, May 19, 2024
spot_img

‘മന്ത്രിമാർ എല്ലായിടത്തും എത്തണമെന്നില്ല’; ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ സംസ്കാരത്തിലെ മന്ത്രിമാരുടെ അസാന്നിദ്ധ്യത്തിൽ ന്യായീകരണവുമായി മന്ത്രി ആർ .ബിന്ദു

കൊച്ചി : ആലുവയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ ബിഹാർ സ്വദേശിനിയായ അഞ്ചുവയസ്സുകാരിയുടെ സംസ്കാര ചടങ്ങിൽ സർക്കാർ പ്രതിനിധി പങ്കെടുത്തില്ലെന്ന ആക്ഷേപത്തിൽ പ്രതികരണവുമായി മന്ത്രിമാർ രംഗത്ത് വന്നു. എല്ലാ സ്ഥലത്തും മന്ത്രിമാർക്ക് എത്താൻ സാധിക്കില്ലെന്നും ഈ സംഭവത്തിൽ അതിനുള്ള സമയം ലഭിച്ചിട്ടില്ലെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു മാദ്ധ്യമങ്ങളോടു പ്രതികരിച്ചു.

‘‘ആ ജില്ലയിലെ മന്ത്രിമാർ പങ്കെടുത്തെന്നാണ് അറിവ്. ഇതു സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. അവിടെ ധാരാളം ജനങ്ങളും പൊതുപ്രവർത്തകരുമൊക്കെ എത്തിച്ചേർന്നിട്ടുണ്ടായിരുന്നു. മന്ത്രി എല്ലായിടത്തും എത്തണമെന്നില്ലല്ലോ. അതിനുള്ള സമയവും കിട്ടിയിട്ടില്ല.’’– മന്ത്രി ആർ.ബിന്ദു പറഞ്ഞു.

മന്ത്രിമാരുടെ അസാന്നിധ്യത്തെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്നും അന്വേഷിച്ചിട്ട് പറയാമെന്നുമാണ് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രതികരിച്ചത്. ആലുവ സംഭവം വളരെ ദുഃഖകരമാണെന്നും വിഷയവുമായി ബന്ധപ്പെട്ട് മന്ത്രിമാരായ പി.രാജീവും വീണാ ജോര്‍ജും കാര്യങ്ങള്‍ പറഞ്ഞുകഴിഞ്ഞിട്ടുണ്ടെന്നും നിയമവ്യവസ്ഥകള്‍ പാലിച്ച് ശക്തമായി മുന്നോട്ട് പോകുമെന്ന് ഇരുവരും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ സംസ്കാരത്തിൽ സർക്കാർ പ്രതിനിധികൾ പങ്കെടുക്കാതിരുന്നതിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിയോ ഇടതു ജനപ്രതിനിധികളോ ജില്ലാ കളക്ടറോ സംസ്കാര ചടങ്ങിൽ എത്തിയില്ല.

Related Articles

Latest Articles