പന്തളം രാജകുടുംബാംഗം കൈപ്പുഴ അംബിക വിലാസം കൊട്ടാരത്തിൽ പി. ജി.ശശികുമാർ വർമ്മയുടെ വേർപാടിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് അനുശോചിച്ചു. പ്രവർത്തന മേഖലകളിലെല്ലാം തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ദീർഘകാലം പന്തളം കൊട്ടാരം നിർവ്വാഹക സംഘം പ്രസിഡൻ്റ് ആയിരുന്ന പി.ജി. ശശികുമാരവർമ്മയെന്നു പി. എസ് പ്രശാന്ത് അനുസ്മരിച്ചു.
ശശികുമാര വർമ്മയുടെ വിയോഗത്തിൽ അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾക്കുള്ള ദുഃഖത്തിൽ പങ്കു ചേരുന്നതായും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത് അനുശോചനകുറിപ്പിൽ പറഞ്ഞു.
കേരള ക്ഷത്രിയക്ഷേമ സംഘം പ്രസിഡൻ്റ്, പന്തളം കേരളവർമ്മ വായനശാല പ്രസിഡൻ്റ് എന്നീ നിലകളിലും പി. ജി.ശശികുമാർ വർമ്മ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു. പന്തളം രാജകുടുംബാംഗം കൈപ്പുഴ അമ്പിക വിലാസം കൊട്ടാരത്തിൽ അംബിക തമ്പുരാട്ടിയുടെയും കിടങ്ങൂർ വാറ്റ്യാൽ ഇല്ലത്ത് (ഓണം തുരുത്ത്)ഗോദ ശർമ്മൻ നമ്പൂതിരിയുടെയും മകനാണ് അദ്ദേഹം. എഴുപത്തി രണ്ട് വയസായിരുന്നു.
സംസ്കാര ചടങ്ങുകൾ ഇന്ന് (14-2-2014) വൈകുന്നേരം മൂന്ന് മണിക്ക് നടക്കും. പൂഞ്ഞാർ കാഞ്ഞിരമറ്റം കൊട്ടാരത്തിൽ മീര വർമ്മയാണ് ഭാര്യ. സംഗീത വർമ്മ ,അരവിന്ദ് വർമ്മ, മഹേന്ദ്ര വർമ്മ എന്നിവരാണ് മക്കൾ. മരുമകൻ നരേന്ദ്ര വർമ്മ.
പരേതനായ രാമവർമ്മ, അംബ തമ്പുരാട്ടി, ഇന്ദിര തമ്പുരാട്ടി,പരേതനായ കേരള വർമ്മ, രാജലക്ഷ്മി തമ്പുരാട്ടി, രാഘ വർമ്മ, ചന്ദ്രിക തമ്പുരാട്ടി, മംഗളഭായി തമ്പുരാട്ടി എന്നിവർ സഹോദരങ്ങളാണ്.
പന്തളം കൊട്ടാരത്തിന് അശുദ്ധിയായതിനാൽ കീഴാചാരപ്രകാരം പന്തളം വലിയകോയിക്കൽ ക്ഷേത്രം പതിനൊന്ന് ദിവസം അടച്ചിടുകയും പന്ത്രണ്ടാം ദിവസം (24-2-2024) ശുദ്ധ ക്രിയകൾക്ക് ശേഷം ക്ഷേത്രം തുറക്കുന്നതുമാണ്.

