പത്തനംതിട്ട കോന്നി വെട്ടൂരിൽ രാവിലെ ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടുവെന്നത് വസ്തുതാ വിരുദ്ധമെന്ന് ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഐഎഎസ്. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. രാവിലെ മുതൽ വിവിധ ജില്ലകളിലായി ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേൾക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തൃശൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനമുണ്ടായത്.
അതേസമയം വയനാട്ടിലടക്കം ഇന്ന് അനുഭവപ്പെട്ട പ്രകമ്പനം ഭൂചലനമല്ലെന്ന് സ്ഥിരീകരിച്ചു. ഭൂകമ്പമാപിനിയിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്ന് നാഷണല്‍ സീസ്മോളജിക് സെന്‍റര്‍ അറിയിച്ചു. പ്രകമ്പനം ഉണ്ടായെന്ന് പറയുന്ന വിവിധ പ്രദേശങ്ങളില്‍ പരിശോധന തുടരുകയാണ്. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കോഴിക്കോട് കൂടരഞ്ഞി ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലുണ്ടായതും ഭൂമികുലുക്കമല്ലെന്നാണ് വിവരം. ഇതുസംബന്ധിച്ചും ഭൂകമ്പമാപിനിയിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല. ഭൂമിക്കടിയിലെ പാളികളുടെ നീക്കമാകാം പ്രകമ്പനത്തിന് കാരണമെന്നാണ് നിലവിൽ കരുതുന്നത്.
വയനാട്ടിലെ വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെൻമേനി, അമ്പലവയൽ എന്നീ പഞ്ചായത്തുകളിലാണ് പ്രകമ്പനമുണ്ടായത്. വൈത്തിരി താലൂക്കിലെ മൂന്ന് പഞ്ചായത്തുകളിലും ബത്തേരി താലൂക്കിലെ രണ്ട് പഞ്ചായത്തുകളിലുമാണ് പ്രകമ്പനം ഉണ്ടായത്.

