Tuesday, December 23, 2025

മൂവാറ്റുപുഴയിൽ എട്ട് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ !സ്ഥിരീകരണമുണ്ടായത് ഇന്ന് നടത്തിയ പോസ്റ്റ് മോർട്ടത്തിൽ ; വാക്സിനേഷൻ നൽകിയതിനാൽ കടിയേറ്റവർ സുരക്ഷിതരെന്ന് നഗരസഭ

മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. അതേസമയം വാക്സിനേഷൻ നൽകിയതിനാൽ കടിയേറ്റവർ സുരക്ഷിതരാണെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്. പേവിഷ ബാധയുണ്ടോ എന്ന സംശയമുയർന്നതിനെത്തുടർന്ന് നായയെ നഗരസഭാ കോമ്പൗണ്ടിൽ പത്ത് ദിവസത്തേക്ക് നിരീക്ഷണത്തിനായി മാറ്റിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം നായ ചത്തത്.

വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് നഗരത്തിലെ തൃക്ക, ആസാദ് റോഡ്, കടവുംപാടം, പുളിഞ്ചുവട് എന്നിവിടങ്ങളിലായി നായ നിരവധിയാളുകളെ ആക്രമിച്ചത്. മദ്രസയില്‍ പോയി വരുകയായിരുന്ന കടവുംപാടം തേലയ്ക്കല്‍ യഹിയാ ഖാന്റെ മകള്‍ മിന്‍ഹ ഫാത്തിമ(14), കീച്ചേരിപ്പടി പനയ്ക്കല്‍ ഫയസ് (12) എന്നിവരേയാണ് നായ ആദ്യം ആക്രമിച്ചത്. ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ട നായ
റോഡിലൂടെ നടന്നു പോകുകയായിരുന്ന പുതുപ്പാടി ആര്യങ്കാല തണ്ടേല്‍ രേവതി (22) യെ ആക്രമിച്ചു. പിന്നാലെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകവേ ഈസ്റ്റ് വാഴപ്പിള്ളി തേക്കനാട്ട് അഞ്ജന രാജേഷിനെയും (23) നയാ കടിച്ചു.

പിന്നീട് പുളിഞ്ചുവട് ഭാഗത്ത് ബൈക്കില്‍ സഞ്ചരിയ്ക്കുകയായിരുന്ന പേഴയ്ക്കാപ്പിള്ളി തച്ചേത്ത് ജയകുമാറിനെയാണ് (60)നയാ ആക്രമിച്ചത്. പുളിഞ്ചുവട് പാലക്കാട്ട് പുത്തന്‍പുരയില്‍ നിയാസിന്റെ മകള്‍ നിഹ (12) , പറമ്പില്‍ പണിയെടുക്കുകയായിരുന്ന അതിഥി തൊഴിലാളി കൊല്‍ക്കത്ത സ്വദേശി അബ്ദുള്‍ അലി (30) എന്നിവർക്കും നായയുടെ കടിയേറ്റു.

കടിയേറ്റവര്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു . ആരോഗ്യ വിഭാഗം പരിക്കേറ്റവരില്‍ നിന്നും വിവരശേഖരണം നടത്തിയിട്ടുണ്ട്. നാട്ടുകാരെ ആക്രമിച്ചതിന് പുറമെ നായ ആടിനേയും പശുവിനേയും ആക്രമിച്ചിരുന്നു എന്ന വിവരവും പുറത്തു വന്നു.

Related Articles

Latest Articles