ദില്ലി : എയര്‍ബസില്‍നിന്നുള്ള ആദ്യ സി-295 ട്രാന്‍സ്‌പോര്‍ട്ട് വിമാനം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. സ്‌പെയിനില്‍ വെച്ച് ഇന്ന് നടക്കുന്ന ചടങ്ങില്‍ ഇന്ത്യൻ വ്യോമസേനയുടെ തലവന്‍ എയര്‍ ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരി വിമാനം ഏറ്റുവാങ്ങും. അവ്‌റോ-748 വിമാനങ്ങള്‍ക്കു പകരക്കാരനായാകും സി- 295 ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍ സേനയുടെ ഭാഗമാകുക. 5-10 ടണ്‍ ഭാരം വരെ വഹിക്കാന്‍ ശേഷിയുള്ളവയാണ് ഈ വിമാനങ്ങൾ. പാരാ ഡ്രോപ്പിംഗിനായി പിന്‍ഭാഗത്ത് റാമ്പ് ഡോറുള്ളതിനാൽ അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനും സൈന്യത്തിന്റെയും ചരക്കുകളുടെ നീക്കങ്ങള്‍ക്കും ഏറെ അനുയോജ്യമാണ് ഈ വിമാനങ്ങള്‍.
പൂര്‍ണസജ്ജമായ റണ്‍വേയും സി-295ന് ആവശ്യമില്ല. ചെറിയ റണ്‍വേയില്‍ പോലും പറയുന്നയരാനും ലാന്‍ഡ് ചെയ്യാനും സാധിക്കുമെന്നതിനാല്‍ സി-295 വിമാനം എത്തുന്നതോടെ ഇന്ത്യന്‍ വ്യോമസേന കൂടുതല്‍ കരുത്താർജിക്കും എന്ന കാര്യത്തിൽ സംശയമില്ല. ടേക്ക് ഓഫിന് 670 മീറ്റര്‍ റണ്‍വേയും ലാന്‍ഡിങ്ങിന് 320 റണ്‍വേയും മാത്രമേ സി-295 വിമാനത്തിന് ആവശ്യമുള്ളു. അടിയന്തര ഘട്ടത്തില്‍ മലയോരത്തും മറ്റ് അപ്രാപ്യമായ പ്രദേശങ്ങളിലും അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ വ്യോമസേനയ്ക്ക് സാധിക്കും. 56 വിമാനങ്ങളിലും തദ്ദേശീയമായി വികസിപ്പിച്ച ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ടുമുണ്ടാകും. മണിക്കൂറില്‍ 480 കിലോമീറ്റര്‍ വേഗതയില്‍ 11 മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ വിമാനത്തിന് സാധിക്കും. അപകടങ്ങളുണ്ടാകുമ്പോഴും മെഡിക്കല്‍ ഇവാക്വേഷനും ഇവയെ ഉപയോഗപ്പെടുത്താം. പ്രത്യേക ദൗത്യങ്ങളിലും ദുരന്ത മുഖത്തും സി-295 എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗപ്രദമാണ്. നീളമേറിയ ക്യാബിനും വിമാനത്തിന്റെ പ്രത്യേകതയാണ്.
2021 സെപ്റ്റംബറിലാണ് 56 സി-295 ട്രാന്‍സ്‌പോര്‍ട്ട് വിമാനം വാങ്ങാന്‍ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസുമായി 21,000 കോടിയുടെ കരാര്‍ ഭാരതം ഒപ്പിട്ടത്. ഇത് പ്രകാരം ആദ്യ 16 വിമാനങ്ങള്‍ അടുത്ത രണ്ട് വര്‍ഷത്തിനകം സ്‌പെയ്‌നില്‍ തന്നെ നിര്‍മിച്ച് ഭാരതത്തിന് കൈമാറും. ബാക്കിയുള്ള 40 വിമാനങ്ങള്‍ ഗുജറാത്തിലെ വഡോദരയിലെ ടാറ്റയുടെ പ്രതിരോധനിര്‍മാണ വിഭാഗമായ ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസ് (ടി.എ.എസ്.എല്‍.) ഭാരതത്തിൽ തന്നെയാകും നിര്‍മിക്കുക. ചരിത്രത്തില്‍ ആദ്യമായാണ് സ്വകാര്യ കമ്പനിയുടെ സഹായത്തോടെ ഭാരതത്തിൽ സേനാ വിമാനങ്ങള്‍ നിര്‍മിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

