ഗുവാഹത്തി: ഇന്ത്യ – ദക്ഷിണാഫ്രിക്ക രണ്ടാം ടി 20 പോരാട്ടം നടന്നുകൊണ്ടിരിക്കെ ഗ്രൗണ്ടിലേക്ക് അപ്രതീക്ഷിതമായാണ് അതിഥിയെത്തിയത്. പാമ്പിനെ കണ്ട് താരങ്ങൾ ഒന്നടങ്കം പകച്ചുപോയി. പോരാട്ടം മുറുകവെ കളിക്കളത്തിലേക്ക് ഇഴഞ്ഞെത്തിയ പാമ്പ് ഒരു നിമിഷം താരങ്ങളിൽ ഭീതി പടർത്തി.
ക്രീസിലുണ്ടായിരുന്ന ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും കെ എൽ രാഹുരും ദക്ഷിണാഫ്രിക്കൻ താരങ്ങളും പാമ്പ് ഇഴഞ്ഞു വരുന്നത് കണ്ട് കുറച്ചുനേരം പകച്ചുപോയി. പാമ്പ് ഗ്രൗണ്ടിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ കളി കുറച്ചുനേരം തടസപ്പെട്ടു. പിന്നെ ഗ്രൗണ്ട് സ്റ്റാഫുകളെത്തി പാമ്പിനെ നീക്കിയ ശേഷമാണ് കളി പുനഃരാരംഭിച്ചത്. പാമ്പ് ഗ്രൗണ്ടിൽ ഇഴഞ്ഞു നീങ്ങുന്നതിന്‍റെയും ഗ്രൗണ്ട് സ്റ്റാഫുകൾ ബക്കറ്റും കമ്പും വെള്ളവുമായെല്ലാം വരുന്നതിന്‍റെയടക്കം വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായിട്ടുണ്ട്

