Tuesday, December 16, 2025

ആകാശചുഴിയിൽ ആടിയുലഞ്ഞതിനെത്തുടർന്ന് യാത്രക്കാരൻ മരിച്ച സംഭവം ! ക്ഷമാപണവുമായി സിങ്കപ്പൂർ എയർലൈൻസ്; അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്ന് കമ്പനി സിഇഒ

ആകാശ ചുഴിയിൽ പെട്ട് വിമാനംഅതിശക്തമായി ആടിയുലഞ്ഞതിനെത്തുടർന്ന് ഒരാൾ മരിക്കുകയും എഴുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ക്ഷമാപണം നടത്തി സിങ്കപ്പൂർ എയർലൈൻസ്. ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് യാത്രക്കാർക്കുണ്ടായ മാനസികാഘാതത്തിൽ ഖേദിക്കുന്നെന്ന് സിങ്കപ്പൂർ എയർലൈൻസ് സിഇഒ ​ഗോ ചൂൻ ഫോങ് വ്യക്തമാക്കിയത്.

“മരിച്ച വ്യക്തിയുടെ കുടുബത്തേയും പ്രിയപ്പട്ടവരേയും അനുശോചനം അറിയിക്കുന്നു. യാത്രക്കാർ അനുഭവിക്കേണ്ടി വന്ന മാനസികാഘാതത്തിൽ ഖേദിക്കുന്നു. യാത്രക്കാർക്കും ജീവനക്കാർക്കും ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ പ്രതിജ്ഞാബദ്ധമാണ്. അന്വേഷണത്തോട് പൂർണമായി സഹകരിക്കും. “- ഗോ ചൂൻ പറഞ്ഞു.

വിമാനം ആകാശചുഴിയിൽപ്പെട്ടതോടെ സീറ്റ് ബെൽറ്റ് ഇടാതിരുന്ന യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇവർ മുകളിലേക്ക് തെറിച്ചുപോകുകയും ബാ​ഗുകൾ വയ്ക്കുന്ന സ്ഥലത്ത് ഇവരുടെ തലയിടിച്ച് പരിക്കേൽക്കുകയുമായിരുന്നു. ശൗചാലയത്തിലുണ്ടായിരുന്ന ജീവനക്കാർക്കും യാത്രക്കാർക്കുമാണ് അപകടത്തിൽ ഏറ്റവും കൂടുതൽ പരിക്കേറ്റത്. ഇവരുടെ നട്ടെല്ലിനും തലയ്ക്കും പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം. 73 വയസ്സുള്ള ഒരു ബ്രിട്ടീഷ് പൗരനാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണ്.

മൂന്ന് ഇന്ത്യക്കാരുൾപ്പെടെ 211 യാത്രക്കാരും 18 ജീവനക്കാരുമായി ഹീത്രോ വിമാനത്താവളത്തിൽനിന്നു പുറപ്പെട്ട ബോയിങ് 777-300 ഇ.ആർ. വിമാനമാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് അപകടത്തിൽപ്പെട്ടത്. 37,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന വിമാനം അഞ്ചുമിനിറ്റിനുള്ളിൽ 31,000 അടിയിലേക്കു താണപ്പോഴാണ് ഉലച്ചിലുണ്ടായത്. തുടർന്ന് ഉച്ചകഴിഞ്ഞ് 3.45-ന് (ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 2.15) തായ്‌ലാൻഡിലെ ബാങ്കോക്കിൽ വിമാനം അടിയന്തരമായി ഇറക്കുകയായിരുന്നു.

Related Articles

Latest Articles