Monday, December 15, 2025

ഹൃദ്രോഗിയായ അമ്മയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന സഹോദരങ്ങളെ മർദ്ദിച്ച സംഭവം; വാളയാർ സിഐയ്ക്കും ഡ്രൈവർക്കുമെതിരെ കേസ്

പാലക്കാട്:ഹൃദ്രോഗിയായ അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന സഹോദരങ്ങളെ മർദ്ദിച്ച സംഭവത്തിൽ വാളയാർ സിഐയ്‌ക്കും ഡ്രൈവർക്കുമെതിരെ കേസ് എടുത്തു.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കാനാണ് നീക്കം.

സംഭവത്തിൽ വാളയാർ സിഐ രഞ്ജിത്ത് കുമാറിനെ സ്ഥലം മാറ്റിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കേസ് എടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323. 324, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇത്. സംഭവവുമായി ബന്ധപ്പെട്ട് മർദ്ദനത്തിനിരയായ ഹൃദയസ്വാമി, ജോൺ ആൽബർട്ട് എന്നിവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.

അഞ്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു ഉപ്പുഴി സ്വദേശികളായ സഹോദരങ്ങൾക്ക് മർദ്ദനമേറ്റത്. ആരോഗ്യനില മോശമായതോടെ അമ്മയുമായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് പോകുകയായിരുന്നു ഇവർ. ഇടക്ക് വെച്ച് കാർ നിർത്തിയപ്പോൾ പോലീസുകാർ ഇവരോട് വിവരം തിരക്കി. ഇതിന് ശേഷം ജീപ്പ് മുന്നോട്ടെടുത്തപ്പോൾ സഹോദരങ്ങളുടെ കാറിൽ ഇടിച്ചു. ഇത് ചോദ്യം ചെയ്തതോടെ വാളയാർ സിഐ മർദ്ദിക്കുകയായിരുന്നു.

Related Articles

Latest Articles