ബംഗളുരു: ഗ്യാൻവ്യാപിക്കു പിന്നാലെ മറ്റൊരു അവകാശവാദം കൂടി. കർണ്ണാടകയിലും നിലവിലെ മസ്ജിദായി ഉപയോഗിക്കുന്ന ആരാധനാലയം മുമ്പ് ആഞ്ജനേയ ക്ഷേത്രമായിരുന്നുവെന്ന് പരാതി. കർണ്ണാടകയിലെ മാണ്ഡ്യയിലെ ജാമിയ മസ്ജിദ് മുൻപ് ഹനുമാൻ ക്ഷേത്രമായിരുന്നുവെന്നാണ് പരാതി. ക്ഷേത്രമിരുന്ന സ്ഥലത്ത് പൂജ നടത്താൻ അനുവദിക്കണമെന്നും ക്ഷേത്രക്കുളം ഉപയോഗിക്കാൻ അനുവദിക്കണമെന്നുമുള്ള ആവശ്യമാണ് നരേന്ദ്ര മോദി വിചാര് മഞ്ച്, ശ്രീരാം സേന എന്നീ സംഘടനകൾ ഉന്നയിച്ചിരിക്കുന്നത്.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പരിപാലിക്കുന്ന പൈതൃക സ്ഥലമാണ് 1782ൽ പണികഴിപ്പിച്ച ജാമിയ മസ്ജിദ്.എന്നാൽ നിലവിൽ മസ്ജിദായി ഉപയോഗിക്കുന്ന നിർമ്മിതി ക്ഷേത്രം തകർത്ത് അവിടെ പണിതുയർത്തിയതാണ്. ടിപ്പുസുൽത്താന്റെ കാലത്ത് തകർക്കപ്പെട്ട നിരവധി ക്ഷേത്രങ്ങളിലൊന്നാണിത്. ഏറെ ഭക്തർ എത്തിയിരുന്ന ആഞ്ജനേയ ക്ഷേത്രം നിലനിന്നിടത്താണ് മാണ്ഡ്യയിലെ ജാമിയ മസ്ജിദെന്നും സംഘനകളുടെ പരാതിയിൽ വ്യക്തമാക്കുന്നു.
മാത്രമല്ല ആഞ്ജനേയ ക്ഷേത്രമാണ് യഥാർഥത്തിൽ ഇവിടെ പണിതതെന്നും. അതിന്റെ ചരിത്രപരമായ തെളിവുകളുണ്ടെന്നും. പള്ളിക്കുള്ളിലെ തൂണുകളിൽ ഹൈന്ദവ ലിഖിതങ്ങളുണ്ടെന്നും. പേർഷ്യൻ ഖലീഫക്കുള്ള കത്തിൽ ടിപ്പു സുൽത്താൻ ഇതേക്കുറിച്ച് എഴുതിയിട്ടുണ്ടെന്നും രേഖകൾ പുരാവസ്തു വകുപ്പ് പരിഗണിക്കണമെന്നും അപേക്ഷയിൽ പറയുന്നു. കൂടാതെ പതിവില്ലാത്ത തരത്തിൽ മസ്ജിദിന്റെ പരിസരത്ത് വിശാലമായ കുളം നിർമ്മിക്കപ്പെട്ടത് എന്തിനാണെന്നും പരാതിക്കാർ ചോദിക്കുന്നു.

