Sunday, December 14, 2025

ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട് ഹോട്ടലിൽ വാക്കേറ്റവും കത്തിക്കുത്തും; മുഖ്യപ്രതി പിടിയിൽ, അറസ്റ്റിലായത് കഴക്കൂട്ടം സ്വദേശി ഷ്യാം ഖാൻ, മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

കഴക്കൂട്ടം: തിരുവനന്തപുരത്ത് ടെക്നോപാർക്ക് ഫെയ്സ് മൂന്നിനു സമീപം ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കേറ്റത്തിനും കത്തികുത്തിനും പിന്നാലെ ഒളിവിൽപോയ പ്രതികളിൽ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിൽ. കഴക്കൂട്ടം സ്വദേശി ഷ്യാം ഖാൻ ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മണക്കാട് സ്വദേശികളായ അൽ അമീൻ അൽത്താഫ്, പൂന്തുറ സ്വദേശി അർഷാദ് എന്നിവർ മുക്കോലയ്ക്കലുള്ള കഫെയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതേ സമയം അവിടെ ഉണ്ടായിരുന്ന ഖാനും സുഹൃത്തുക്കളുമായി ഇവർ വാക്കേറ്റം ഉണ്ടായി.

സംഘത്തിലുണ്ടായിരുന്ന ഷ്യാം ഖാൻ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് എതിർ സംഘത്തിലെ അജ്മൽ ഖാന്റെ തുടയിലും നസീബിന്റെ വയറിലും കുത്തുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ ഷ്യാം വിവിധ സ്ഥലങ്ങലിലായി താമസിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് ഇന്നലെ ശ്രീകാര്യത്തു വെച്ച് പിടിയിലായത്. സൈബർ സിറ്റി അസി. കമ്മീഷണർ പൃഥ്വിരാജ് എസ് എച്ച് ഒ അജിത് കുമാർ ജി, എസ് ഐമാരായ മിഥുൻ, ശരത്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സജാദ് ഖാൻ, അൻസിൽ, അൻവർഷാ, വിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles