ഷൊർണ്ണൂർ : കാസർഗോഡിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വന്ദേഭാരത് എക്സ്പ്രസിലെ ശുചിമുറിയിൽ വാതിലടച്ച് പുറത്തിറങ്ങാതെയിരുന്നത് ഉപ്പള സ്വദേശി ശരൺ ആണെന്ന് റെയിൽവേ പോലീസ് വ്യക്തമാക്കി.ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ആർപിഎഫ് ഇയാളെ ശുചിമുറിയുടെ വാതിൽ പൊളിച്ച് പുറത്തിറക്കിയത്. സ്ഥിരം മദ്യപാനിയായിരുന്ന ശരണിന് മദ്യം കിട്ടാത്തതിനെത്തുടർന്നുണ്ടായ അസ്വസ്ഥതയാണ് സംഭവത്തിനിടയാക്കിയത് എന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലും കേസുണ്ട്.
വന്ദേ ഭാരതിന്റെ ഇ-1 കോച്ചിലെ ശുചിമുറിയുടെ വാതിലാണ് പൂട്ടിയ നിലയിൽ ഉണ്ടായിരുന്നത്. ഉള്ളിൽനിന്ന് കയർ ഉപയോഗിച്ച് വാതിൽ ബന്ധിച്ചാണ് ഇയാൾ ശുചിമുറിയിൽ ഇരുന്നത്. ഇയാളുടെ ദേഹമാസകലം പരുക്കേറ്റ പാടുകളുണ്ട്. ചില മുറിവുകളിൽ നിന്ന് രക്തം പൊടിയുന്നുണ്ടായിരുന്നു .മുംബൈ സ്വദേശിയാണെന്നും ചരൺ എന്നാണ് പേരെന്നുമായിരുന്നു ഇയാൾ ആർപിഎഫിന് ആദ്യം മൊഴി നൽകിയത്. പിന്നാലെ കർണ്ണാടക സ്വദേശിയാണ് താനെന്നും ഇയാൾ മൊഴി മാറ്റി പറഞ്ഞു.ഏറ്റവും ഒടുവിലാണ് ഇയാൾ ഉപ്പള സ്വദേശിയെന്ന് വ്യക്തമായത്.

