Sunday, December 14, 2025

എറണാകുളത്ത് നിന്നും കാണാതായ സഹോദരങ്ങളിൽ പെൺകുട്ടിയെ തമ്പാനൂരിൽ കണ്ടെത്തി; കുടുങ്ങിയത് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം മറ്റൊരു സ്ഥലത്തേക്ക് കടക്കാനായി ശ്രമിക്കവേ

തിരുവനന്തപുരം: എറണാകുളത്ത് നിന്നും ഇന്നലെ കാണാതായ പ്രായപൂർത്തിയാകാത്ത സഹോദരങ്ങളിൽ പെൺകുട്ടിയെ പോലീസ് കണ്ടെത്തി. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. പതിനഞ്ചുകാരിയായ പെൺകുട്ടിയെ ആൺ സുഹൃത്തിനൊപ്പമാണ്പോലീസ് കണ്ടെത്തിയത്.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം പാലോട് സ്വദേശിയായ യുവാവിനൊപ്പം മറ്റൊരിടത്തേക്ക് പോകാനായി ട്രെയിനിൽ ഇരിക്കുകയായിരുന്നു പെൺകുട്ടി എന്നാണ് പോലീസിന്റെ സൂചന. പെൺകുട്ടിയുടെ പതിമൂന്നുകാരനായ സഹോദരൻ ഇന്നലെ വീട്ടിൽ തിരിച്ചെത്തിയിരുന്നു.

സഹോദരങ്ങൾ ഇന്നലെ രാവിലെ തൃശൂരിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. പക്ഷെ, പിന്നീട് ഇവരുടെ ഫോൺ സ്വിച്ച് ഓഫുമായി. വിദ്യാർത്ഥികളായ ഇരുവരും വീട്ടിൽ എത്താത്ത സാഹചര്യത്തിൽ അമ്മ മുനമ്പം പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പെൺകുട്ടി തൃശൂരിലാണ് പഠിക്കുന്നത്.

മൊബൈൽഫോൺ ടവർ ലൊക്കേഷൻ തിരിച്ചറിഞ്ഞാണ് പൊലീസ് പെൺകുട്ടിയെ തമ്പാനൂരിൽ നിന്നും കണ്ടെത്തിയത്. തിരുവനന്തപുരത്ത് എത്തിയതിന്റെ സി സി ടി വി ദൃശ്യങ്ങളും ലഭിച്ചിരുന്നു. തുടർന്നാണ് അന്വേഷണം ശക്തമാക്കിയത്. ഇന്നലെ പുലർച്ചെ നാലരയോടെ വർക്കലയിൽ എത്തിയതായി കണ്ടെങ്കിലും ഫോൺ ഓഫായതോടെ പൊലീസിന് വിവരം ലഭിക്കാതായി. പിന്നീട് തിരുവനന്തപുരത്ത് റേഞ്ച് കണ്ടതോടെ അന്വേഷണം ഊർജിതമാക്കുകയും പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.

Related Articles

Latest Articles