Monday, December 15, 2025

പ്രാർത്ഥനകൾ ഫലം കാണുന്നു !ഉത്തരകാശിയിലെ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യം അവസാന ഘട്ടത്തിൽ ; തൊഴിലാളികളിലേക്കുള്ള ദൂരം ഇനി 18 മീറ്റർ മാത്രം !

ഉത്തരകാശിയില്‍ ബ്രഹ്‌മഖല്‍ – യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിലെ നിര്‍മാണത്തിലുള്ള തുരങ്കത്തില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യം അവസാന ഘട്ടത്തിൽ. 18 മീറ്റര്‍ കൂടി തുരക്കാൻ സാധിച്ചാൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന ഭാഗത്ത് എത്തിച്ചേരും. ഇന്ന് രാത്രിയോ നാളെ പുലർച്ചയോ ആദ്യ തൊഴിലാളിയെ പുറത്തെത്തിക്കാൻ സാധിക്കും എന്നാണ് കരുതുന്നത്. കൂറ്റന്‍ ആഗര്‍യന്ത്രം ഉപയോഗിച്ചാണ് തുരങ്കം തുളയ്ക്കുന്നത്.

തൊഴിലാളികള്‍ക്ക് രക്ഷപ്പെടാനുള്ള വഴി നല്‍കുന്നതിനായി തുരന്ന ദ്വാരങ്ങളിലേക്ക് ഘടിപ്പിക്കാനുള്ള പൈപ്പുകളുടെ വെല്‍ഡിങ് ജോലികളും നടക്കുകയാണ്. അവശിഷ്ടങ്ങള്‍ക്കിടയിലെ സ്റ്റീല്‍ കഷണങ്ങളും പാറക്കല്ലുകളും കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് ആദ്യം തിരിച്ചടിയായിരുന്നു. കൂറ്റന്‍ ആഗര്‍യന്ത്രം ഉപയോഗിച്ച് തുളയ്ക്കുന്നത് തുരങ്കം കൂടുതല്‍ തകരാനിടയാക്കുമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന പ്രദേശം ശക്തിപ്പെടുത്തിയാണ് ഡ്രില്ലിങ് പുനരാരംഭിച്ചത്.

തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളും സുരക്ഷിതരാണെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. തുരങ്കത്തിനകത്തേക്ക് തിങ്കളാഴ്ച സ്ഥാപിച്ച കുഴലിലൂടെ എന്‍ഡോസ്‌കോപിക് ക്യാമറ കടത്തി തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി. തൊഴിലാളികളുമായി വാക്കി-ടോക്കികള്‍ വഴിയാണ് ദൗത്യ സംഘത്തിലെ ഉദ്യോഗസ്ഥര്‍ സംസാരിക്കുന്നത്. കുടുംബങ്ങളുമായും തൊഴിലാളികൾ സംസാരിച്ചു

ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി), സതല്ജ് ജല്‍വിദ്യുത് നിഗം ലിമിറ്റഡ് (എസ്ജെവിഎന്‍എല്‍) റെയില്‍ വികാസ് നിഗം ലിമിറ്റഡ് (ആര്‍വിഎന്‍എല്‍), നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എന്‍എച്ച്ഐഡിസിഎല്‍), തെഹ്രി ഹൈഡ്രോ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ടിഎച്ച്ഡിസിഎല്‍), റെയില്‍ വികാസ് നിഗം ലിമിറ്റഡ് (ആര്‍വിഎന്‍എല്‍) തുടങ്ങിയ ഏജന്‍സികളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. അന്താരാഷ്ട്ര ടണലിങ് ആന്‍ഡ് അണ്ടര്‍ഗ്രൗണ്ട് സ്‌പേസ് അസോസിയേഷന്‍ പ്രസിഡന്റ് അര്‍നോള്‍ഡ് ഡിക്‌സന്റെ നേതൃത്വത്തിലുള്ള സംഘവും പങ്കെടുക്കുന്നുണ്ട്.

Related Articles

Latest Articles