തിരുവനന്തപുരം : കളിയിക്കാവിളയില്‍ ക്വാറി ഉടമയായ ദീപുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലപാതകത്തിന് ഉപയോഗിച്ച സര്‍ജിക്കല്‍ ബ്ലേഡ് പോലീസ് കണ്ടെടുത്തുവെന്ന് റിപ്പോർട്ട്. കേസില്‍ തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്ത ഗുണ്ടാ നേതാവ് അമ്പിളി എന്ന സജികുമാറിന്റെ വീട്ടില്‍ വെളുപ്പിന് രണ്ടു മണിയോടെ നടത്തിയ തെളിവെടുപ്പിലാണ് കൊലയ്ക്ക് ഉപയോഗിച്ച സര്‍ജിക്കല്‍ ബ്ലേഡും ഏഴു ലക്ഷം രൂപയും കണ്ടെത്തിയെന്നാണു ലഭിക്കുന്ന വിവരം. ദീപുവിനെ ക്ലോറോഫോം മണപ്പിച്ച ശേഷമാണ് അമ്പിളി കഴുത്തറുത്തതെന്നും വിവരമുണ്ട്. താൻ ഒറ്റയ്ക്കാണ് കൊല നടത്തിയത് എന്നായിരുന്നു അമ്പിളിയുടെ മൊഴി.എന്നാൽ ശാരീരികമായി അവശനായ ഇയാൾക്ക് ഒറ്റയ്ക്ക് ഇത്തരമൊരു കൃത്യം നടത്താനാവുമോ എന്ന സംശയത്തിലായിരുന്നു പോലീസ്.
പാറശാലയിലും നെയ്യാറ്റിന്‍കരയിലും സര്‍ജിക്കല്‍ ഉപകരണങ്ങളുടെ കട നടത്തുന്ന പാറശാല സ്വദേശി സുനിലാണ് പ്രതിക്ക് സര്‍ജിക്കൽ ബ്ലേഡും ഗ്ലൗസും നൽകിയത്. ഇയാൾക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. സുനിലിന്റെ ഫോണ്‍ സ്വിച്ച് ഓഫാണ്.
തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് കളിയിക്കാവിളയിലെ റോഡരികില്‍ കാറിനുള്ളില്‍ മലയിന്‍കീഴ് അണപ്പാട് മുല്ലമ്പള്ളി ഹൗസില്‍ എസ്.ദീപു(46)വിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപയും നഷ്ടമായിരുന്നു. കൃത്യം നടന്ന കാറില്‍നിന്ന് ഒരാള്‍ ബാഗുമായി ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അമ്പിളി പിടിയിലായത്. നേരത്തെ ഗുണ്ടയായിരുന്ന അമ്പിളി കൊല്ലപ്പെട്ട ദീപുവിന്റെ വീടിന് സമീപം ആക്രിക്കച്ചവടം നടത്തിവരികയായിരുന്നു. ഇയാള്‍ മുമ്പ് നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയായിട്ടുണ്ട്. അതേസമയം, ശാരീരികമായി അവശനായിരുന്ന അമ്പിളിക്ക് ദീപു പലതവണ പണം നല്‍കി സഹായിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

