തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ലൈംഗികാതിക്രമണ ആരോപണം ഉന്നയിച്ച യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകി. ഗർഭഛിദ്ര ആരോപണങ്ങൾ അടക്കം ഉന്നയിച്ചുകൊണ്ടുള്ള ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് യുവതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതി നൽകിയത്. ഡിജിറ്റൽ തെളിവുകളടക്കം യുവതി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. പരാതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ക്രൈംബ്രാഞ്ചിന് കൈമാറി.
പെണ്‍കുട്ടിയെ ഗര്‍ഭധാരണത്തിനും ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിക്കുന്ന ശബ്ദരേഖകളാണ് പുറത്തുവന്നത്. ഇതിന് മുമ്പ് പുറത്തുവന്ന ശബ്ദരേഖയേ തുടര്‍ന്നു വിവാദമാകുകയും രാഹുല്‍ മാങ്കൂട്ടത്തിനെ പാര്‍ട്ടിയില്‍നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തിരുന്നു. യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനവും രാഹുലിന് ഒഴിയേണ്ടി വന്നു. എന്നാല്‍, ഗര്‍ഭഛിദ്രം നടത്തേണ്ടിവന്ന യുവതി ഇതുവരെ മൊഴി നല്‍കുകയൊ പരാതി നല്‍കുകയോ ചെയ്തിരുന്നില്ല. എന്നാൽ, ഇപ്പോൾ യുവതിതന്നെ നേരിട്ട് പരാതി നൽകിയിരിക്കുകയാണ്.
രാഹുലില്‍നിന്ന് ഗര്‍ഭം ധരിച്ചു, അതിന് നിര്‍ബന്ധിച്ചതും ഗര്‍ഭഛിദ്രത്തിന് പിന്നീട് നിര്‍ബന്ധിച്ചതും രാഹുല്‍ മാങ്കൂട്ടത്തിലാണ് എന്ന് ആരോപിക്കുന്ന ശബ്ദരേഖയാണ് കഴിഞ്ഞ ദിവസം പുതിയതായി പുറത്തുവന്നത്.
ആദ്യം പുറത്തുവന്ന ശബ്ദരേഖയും വാട്‌സാപ്പ് ചാറ്റും അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. അഞ്ചുപേര്‍ ഇ – മെയില്‍ വഴി പോലീസ് ആസ്ഥാനത്തേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പരാതി നല്‍കിയവരെല്ലാം മൂന്നാം കക്ഷികളായിരുന്നു.

