പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ലൈംഗികാതിക്രമണ ആരോപണം ഉന്നയിച്ച യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ പാലക്കാട്ടെ രാഹുലിന്റെ എംഎൽഎ ഓഫീസ് പൂട്ടിയ നിലയിൽ. പാലക്കാട്ട് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായിരുന്നു രാഹുൽ. എന്നാൽ നിലവിൽ രാഹുൽ എവിടെയാണെന്ന് വ്യക്തതയില്ല. ഒരു ഫേസ്ബുക്ക് കുറിപ്പ് മാത്രമാണ് പ്രതികരണമായി പുറത്തുവരുന്നത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. കേസിൽ അറസ്റ്റടക്കമുള്ള നടപടികളിലേക്ക് പോലീസ് അതിവേഗം കടക്കാനും സാധ്യത വളരെ കൂടുതലാണ്.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയതായുമുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഗർഭഛിദ്ര ആരോപണങ്ങൾ അടക്കം ഉന്നയിച്ചുകൊണ്ടുള്ള ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് യുവതി ഇന്ന് വൈകുന്നേരം മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതി നൽകിയത്. ഡിജിറ്റൽ തെളിവുകളടക്കം യുവതി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.
പെണ്‍കുട്ടിയെ ഗര്‍ഭധാരണത്തിനും ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിക്കുന്ന ശബ്ദരേഖകളാണ് പുറത്തുവന്നത്. ഇതിന് മുമ്പ് പുറത്തുവന്ന ശബ്ദരേഖയേ തുടര്‍ന്നു വിവാദമാകുകയും രാഹുല്‍ മാങ്കൂട്ടത്തിനെ പാര്‍ട്ടിയില്‍നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തിരുന്നു. യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനവും രാഹുലിന് ഒഴിയേണ്ടി വന്നു. എന്നാല്‍, ഗര്‍ഭഛിദ്രം നടത്തേണ്ടിവന്ന യുവതി ഇതുവരെ മൊഴി നല്‍കുകയൊ പരാതി നല്‍കുകയോ ചെയ്തിരുന്നില്ല. എന്നാൽ, ഇപ്പോൾ യുവതിതന്നെ നേരിട്ട് പരാതി നൽകിയിരിക്കുകയാണ്.
രാഹുലില്‍നിന്ന് ഗര്‍ഭം ധരിച്ചു, അതിന് നിര്‍ബന്ധിച്ചതും ഗര്‍ഭഛിദ്രത്തിന് പിന്നീട് നിര്‍ബന്ധിച്ചതും രാഹുല്‍ മാങ്കൂട്ടത്തിലാണ് എന്ന് ആരോപിക്കുന്ന ശബ്ദരേഖയാണ് കഴിഞ്ഞ ദിവസം പുതിയതായി പുറത്തുവന്നത്.
ആദ്യം പുറത്തുവന്ന ശബ്ദരേഖയും വാട്‌സാപ്പ് ചാറ്റും അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. അഞ്ചുപേര്‍ ഇ – മെയില്‍ വഴി പോലീസ് ആസ്ഥാനത്തേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പരാതി നല്‍കിയവരെല്ലാം മൂന്നാം കക്ഷികളായിരുന്നു.

