Thursday, January 8, 2026

അട്ടപ്പാടി മധുവധക്കേസ്; മൊഴി മാറ്റിപ്പറഞ്ഞ് പതിനെട്ടാം സാക്ഷിയും; ഇതോടെ കൂറുമാറിയവരുടെ എണ്ണം എട്ടായി

പാലക്കാട്: അട്ടപ്പാടി മധുവധക്കേസിൽ സാക്ഷികൾ എല്ലാം കൂറുമാറുന്ന പരമ്പര തുടരുന്നു. പതിനെട്ടാം സാക്ഷി കാളി മൂപ്പനും കൂറുമാറിയതോടെ കേസിൽ മൊഴി മാറ്റിയവരുടെ എണ്ണം എട്ടായി. വനം വകുപ്പ് വാച്ചറായ കാളി മൂപ്പനും കൂറുമാറിയതോടെ പ്രതികൾക്കെതിരായുള്ള തെളിവുകളിൽ വിള്ളലേറ്റിരിക്കുകയാണ്. ഇതിന് മുമ്പും രണ്ട് വാച്ചർമാർ മൊഴി മാറ്റിയിരുന്നു. ഇവരെ വനംവകുപ്പ് ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു.

മധുകൊലക്കേസിൽ കേസിൽ രഹസ്യമൊഴി നൽകിയ പതിനേഴാം സാക്ഷിയായ ജോളിയും രണ്ട് ദിവസം മുമ്പ് കൂറുമാറിയിരുന്നു. കേസിലെ പ്രതികൾ മധുവിനെ കാട്ടിൽ നിന്നും ബലമായി പിടിച്ചു കൊണ്ടു വരുന്നത് കണ്ടു എന്ന് മൊഴി നൽകിയ വ്യക്തിയായിരുന്നു ജോളി. എന്നാൽ കോടതിയിൽ ഇത് നിഷേധിക്കുകയും പോലീസ് നിർബന്ധിച്ചതിനെ തുടർന്ന് അന്ന് മൊഴി പറയുകയായിരുന്നു എന്ന് ജോളി പറഞ്ഞു.

122 സാക്ഷികളാണ് കേസിൽ ആകെയുള്ളത്. ഇതിൽ 10 മുതൽ 17 വരെയുള്ള രഹസ്യമൊഴി നൽകിയ സാക്ഷികളുടെ വിസ്താരം പൂർത്തിയായി. ഇവരിൽ പതിമൂന്നാം സാക്ഷി സുരേഷ് മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. എഴുപേർ വിചാരണയ്ക്കിടെ രഹസ്യമൊഴി തിരുത്തിയിരുന്നു.

Related Articles

Latest Articles