കണ്ണൂർ : സ്ത്രീത്വത്തെ സമൂഹ മാദ്ധ്യമത്തിലൂടെ അപമാനിച്ചുവെന്ന ഡിവൈഎഫ്ഐ പ്രവർത്തകയും എക്‌സൈസ് മന്ത്രി എം ബി രാജേഷിന്റെഡ്രൈവർ അനൂപിന്റെ ഭാര്യ ശ്രീലക്ഷ്മി നൽകിയ കേസിൽ മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ പ്രതിയും ഇപ്പോൾ പാർട്ടി നേതൃത്വവുമായി നിരന്തരം കൊമ്പുകോർക്കുകയും ചെയ്യുന്ന ആകാശ് തില്ലങ്കേരിയെ പിടികൂടാതെ കോടതിയിൽ നേരിട്ട് ഹാജരാവാൻ പൊലീസ് ഒത്തുകളിച്ചെന്ന ആരോപണമുയർത്തി പ്രതിപക്ഷം. ആകാശ് തില്ലങ്കേരി ഒളിവിലാണെന്ന് പറഞ്ഞ പൊലീസിന്, പ്രതി മൂക്കിൻതുമ്പത്ത് ഉണ്ടായിട്ടു പോലും പിടിക്കാൻ കഴിഞ്ഞില്ലെന്നാണ് വിമർശനം. ഇയാളുടെ കൂട്ടാളികളായ ജിജോയ്ക്കും ജയപ്രകാശിനും ജാമ്യം ലഭിച്ചു അല്പസമയത്തിനുള്ളിലാണ് ആകാശ് തില്ലങ്കേരി നാടകീയമായി മട്ടന്നൂർ കോടതിയിൽ കീഴടങ്ങിയത്. തുടർന്ന് ആകാശിനും കോടതി ജാമ്യം അനുവദിച്ചു.
ഒളിവിലാണെന്നു പ്രചരിപ്പിച്ച പൊലീസിനെ കബളിപ്പിച്ചാണ് ആകാശ് തില്ലങ്കേരി കീഴടങ്ങിയത്. ജാമ്യം ലഭിക്കില്ലെന്ന ആശങ്കയുള്ളതിനാൽ കൂട്ടുപ്രതികളെ ഇയാൾ പൊലീസിന് മുന്നിൽ തന്ത്രപൂർവ്വം എത്തിക്കുകയായിരുന്നു. ജിജോയും ജയപ്രകാശും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിയിലായെന്നാണു പൊലീസ് അവകാശപ്പെടുന്നതെങ്കിലും ഇരുവരും പിടികൊടുത്തതാണെന്നാണ് റിപ്പോർട്ടുകൾ . ഇരുവർക്കും മട്ടന്നൂർ കോടതി ജാമ്യം നൽകിയ വിവരം അറിഞ്ഞയുടൻ ആകാശും കോടതിയിലെത്തി.
പ്രതികളുടെ അറസ്റ്റും ചോദ്യംചെയ്യലും വൈദ്യപരിശോധനയുമൊക്കെയായി തിരക്കിലായതോടെ, ആകാശിനെ നിരീക്ഷിക്കാൻ പൊലീസിനു സാവകാശം കിട്ടിയില്ല. ഇതു മുതലാക്കിയാണ് ആകാശ് കോടതിയിൽ കീഴടങ്ങിയത്.
അതെ സമയം തില്ലങ്കേരിക്കെതിരെ വീണ്ടും ‘കാപ്പ’ (ഗുണ്ടാ ആക്ട്) ചുമത്താൻ റൂറൽ പൊലീസ് നീക്കം തുടങ്ങി. ഷുഹൈബ് വധക്കേസിനു പുറമെ, 2 കേസുകൾ കൂടി ആകാശിനെതിരെയുണ്ട്.

