Tuesday, December 23, 2025

സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ മുടങ്ങുന്നത് സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ! വിഷയം അടിയന്തര സ്വഭാവമുള്ളതല്ലെന്ന് ധനമന്ത്രി !

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മുടങ്ങിയത് അടിയന്തര സ്വഭാവമുള്ള വിഷയമല്ലെന്ന് നിയമസഭയില്‍ കെ.എന്‍. ബാലഗോപാല്‍. സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ മുടങ്ങുന്നത് സംബന്ധിച്ച് പ്രതിപക്ഷം കൊണ്ട് വന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം.ജനുവരിയില്‍ വിഷയം ചര്‍ച്ച ചെയ്തതാണെന്നും പ്രതിപക്ഷം മുതലെടുപ്പ് നടത്തുകയാണെന്നും കെ .എൻ ബാലഗോപാൽ പറഞ്ഞു.

‘ഇന്നത്തെ അടിയന്തര പ്രമേയത്തിന് നല്‍കിയിട്ടുള്ള നോട്ടീസ് വാസ്തവത്തില്‍ ഒരു അടിയന്തര സ്വഭാവത്തിലുള്ള വിഷയമല്ല എന്നുമാത്രമല്ല, കഴിഞ്ഞ ജനുവരി മാസം 29-ാം തിയ്യതി തന്നെ സഭയില്‍ വന്നതാണ്. ഇവിടെ വീണ്ടും അത്തരമൊരു വിഷയം പറയുന്നതില്‍ എനിക്ക് എതിര്‍പ്പൊന്നുമില്ല. ഞാന്‍ പറഞ്ഞത്, അടിയന്തര സ്വഭാവമുള്ളൊരു വിഷയമായി ഇത് ഇവിടെ അവതരിപ്പിക്കേണ്ടൊരു കാര്യമല്ല. എങ്കിലും കേരളത്തിലും ഏറ്റവും കൂടുതലായി പ്രതിപക്ഷം പറയുന്ന വിഷയമെന്ന നിലയില്‍, അല്ലെങ്കില്‍ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്ന വിഷയമെന്ന നിലയിലാണ് ഇതിനെ കുറിച്ച് സംസാരിക്കുന്നത്.’ -കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു.അഞ്ചുമാസത്തെ പെന്‍ഷന്‍ കുടിശ്ശികയുണ്ടെന്ന് സഭയില്‍ സമ്മതിച്ച മന്ത്രി, അത് ഘട്ടം ഘട്ടമായി കൊടുത്തുതീര്‍ക്കുമെന്നും വ്യക്തമാക്കി.ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 18 മാസത്തെ പെന്‍ഷന്‍ കൊടുക്കാനുണ്ടായിരുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

പാവപ്പെട്ടവരുടെ സാമൂഹിക പെന്‍ഷന്‍ ആറുമാസം കുടിശ്ശികയായത് അടിയന്തര പ്രാധാന്യമുള്ള വിഷയമല്ലെന്നും ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും പറയുന്നതിലൂടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് ഈ സര്‍ക്കാര്‍ ഒരു പാഠവും പഠിക്കുന്നില്ലെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച പി.സി. വിഷ്ണുനാഥ് എം.എല്‍.എ. തുറന്നടിച്ചു.

“ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് പെന്‍ഷന്‍ 18 മാസം കുടിശ്ശികയായെന്ന നുണ ധനമന്ത്രി ആവര്‍ത്തിച്ചു. അദ്ദേഹം ഒരു രേഖയുമില്ലാതെയാണ് പറഞ്ഞത്. തന്റെ കയ്യില്‍ രേഖയുണ്ട്. 2016-ല്‍ ധനമന്ത്രിയായ തോമസ് ഐസക് പുറത്തിറക്കിയ ധവളപത്രമാണ് ആ രേഖ. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കുടിശ്ശിക ആയിരം കോടി രൂപയില്‍ താഴെയാണെന്നാണ് അതില്‍ പറയുന്നത്. അതായത് മൂന്നുമാസത്തെ കുടിശ്ശിക. 18 മാസത്തെ കുടിശ്ശികയുണ്ടെങ്കില്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ വന്നപ്പോള്‍ അത് ഏത് ഹെഡ് ഓഫ് അക്കൗണ്ടിലാണ് ആ കുടിശ്ശിക കൊടുത്തത് എന്ന് ചോദിച്ചതിന് മറുപടി തന്നില്ല”- വിഷ്ണുനാഥ് പറഞ്ഞു.

Related Articles

Latest Articles