തിരുവനന്തപുരം : ശബരിമല ശ്രീകോവിലിലെ സ്വർണ്ണപ്പാളി വിവാദത്തിൽ ദുരൂഹതയേറുന്നു. 1998-ൽ വ്യവസായി വിജയ് മല്യ സമർപ്പിച്ച 30 കിലോയിലധികം സ്വർണ്ണത്തിന്റെ യഥാർത്ഥ രേഖകൾ ദേവസ്വം വിജിലൻസിന് കണ്ടെത്താനായില്ല. വിജയ് മല്യ എത്ര കിലോ സ്വർണ്ണമാണ് സമർപ്പിച്ചത് തുടങ്ങിയ വിവരങ്ങൾ അടങ്ങിയ രജിസ്റ്ററുകളും അനുബന്ധ രേഖകളുമാണ് ശബരിമല എക്സിക്യൂട്ടീവ് ഓഫീസിൽ നിന്ന് കാണാതായിരിക്കുന്നത്. 2019-ലെ വിവാദങ്ങൾക്ക് ശേഷമുള്ള രേഖകൾ മാത്രമാണ് എക്സിക്യൂട്ടീവ് ഓഫീസർ വിജിലൻസിന് കൈമാറിയിട്ടുള്ളത്
ഇതോടെ യഥാർത്ഥത്തിൽ എത്ര സ്വർണ്ണമാണ് സന്നിധാനത്ത് ഉണ്ടായിരുന്നതെന്നോ, എത്രത്തോളം നഷ്ടപ്പെട്ടെന്നോ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ വിജിലൻസിന് സാധിക്കുന്നില്ല . രേഖകൾ ബോധപൂർവ്വം മാറ്റിയതാണെന്ന സംശയം ബലപ്പെടുകയാണ്. 1998-ൽ സ്വർണ്ണം പൂശുന്ന ജോലികൾക്ക് മേൽനോട്ടം വഹിച്ചത് ദേവസ്വം മരാമത്ത് വിഭാഗമായിരുന്നു. അന്നത്തെ മരാമത്ത് ചീഫ് എഞ്ചിനീയറെയും ഡിവിഷണൽ എഞ്ചിനീയറെയും ഇതിനായി ഉത്തരവിലൂടെ ചുമതലപ്പെടുത്തിയിരുന്നു. അതുകൊണ്ടു തന്നെ അവസാന പിടിവള്ളിയായി, രേഖകൾ മരാമത്ത് വകുപ്പിന്റെ കൈവശം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ വിജിലൻസ് അവരോട് വിവരങ്ങൾ തേടിയിട്ടുണ്ട്. എന്നാൽ, രേഖകൾ മരാമത്ത് വകുപ്പിൽ ഉണ്ടാകാൻ സാധ്യതയില്ലെന്നും, തിരുവാഭരണം കമ്മീഷണറുടെ ഓഫീസിലാണ് ഉണ്ടാകേണ്ടതെന്നുമാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

