Thursday, October 8, 2026

വികസനത്തിന് പുത്തൻ വഴി!! BRICS ബാങ്കിന്റെ ആദ്യ രൂപ ബോണ്ട് ഉടൻ പുറത്തിറക്കും ;റിസർവ് ബാങ്കുമായുള്ള ചർച്ച അന്തിമ ഘട്ടത്തിൽ

മുംബൈ : ബ്രിക്‌സ് രാജ്യങ്ങളുടെ പിന്തുണയോടെ സ്ഥാപിച്ച ന്യൂ ഡെവലപ്‌മെന്റ് ബാങ്ക് (NDB), അടുത്ത വർഷം മാർച്ച് മാസത്തിന് മുമ്പായി ഇന്ത്യൻ ആഭ്യന്തര വിപണിയിൽ തങ്ങളുടെ ആദ്യത്തെ ഇന്ത്യൻ രൂപയിൽ അധിഷ്ഠിതമായ ബോണ്ട് പുറത്തിറക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. 400 മില്യൺ ഡോളറിനും 500 മില്യൺ ഡോളറിനും ഇടയിലുള്ള തുക 3 മുതൽ 5 വർഷം വരെ കാലാവധിയുള്ള ബോണ്ടുകളായിരിക്കും ആദ്യ ഘട്ടത്തിൽ സമാഹരിക്കാൻ ലക്ഷ്യമിടുന്നത്.

നേരത്തെ ചൈനീസ് യുവാനിലും ദക്ഷിണാഫ്രിക്കൻ റാൻഡിലുമെല്ലാം NDB ഫണ്ട് സമാഹരിച്ചിട്ടുണ്ട്. എന്നാൽ, രൂപയിലുള്ള ആദ്യത്തെ ബോണ്ട് പുറത്തിറക്കുന്നതിനായി ബാങ്ക് നിലവിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി നടത്തുന്ന ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്ന് ഈ നീക്കവുമായി ബന്ധമുള്ള മൂന്ന് വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

നിലവിലെ ആഗോള സാമ്പത്തിക സാഹചര്യത്തിൽ, ചൈനയും ഇന്ത്യയും അവരുടെ കറൻസികളുടെ അന്താരാഷ്ട്ര സ്വീകാര്യത വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് NDB യുടെ ഈ നിർണ്ണായക നീക്കം. വികസിത വിപണികളിൽ നിന്ന് മാറി നിക്ഷേപം വൈവിധ്യവത്കരിക്കാൻ നിക്ഷേപകർ ആഗ്രഹിക്കുന്ന സമയത്താണ് രൂപയിലുള്ള ബോണ്ടിന്റെ പ്രസക്തിയേറുന്നത്.

“ഇന്ത്യയിലെ പദ്ധതികൾക്ക് തദ്ദേശീയ കറൻസിയിൽ ധനസഹായം നൽകുന്നതിനായി പ്രാദേശിക വിപണിയിൽ നിന്ന് ഫണ്ട് സമാഹരിക്കുന്നതിന് NDB ഇന്ത്യൻ സർക്കാരുമായും റെഗുലേറ്റർമാരുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ട്,” ബാങ്കിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ മോണാലെ റാറ്റ്‌സോമ പ്രതികരിച്ചു. അതേസമയം, ബോണ്ട് പുറത്തിറക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്താൻ തയ്യാറായില്ല. രണ്ട് വർഷം മുമ്പ് തന്നെ NDB രൂപ ബോണ്ട് വിപണിയിൽ പ്രവേശിക്കാൻ ആസൂത്രണം ചെയ്തിരുന്നെങ്കിലും സർക്കാരിന്റെയും സെൻട്രൽ ബാങ്കിന്റെയും അംഗീകാരങ്ങൾ ലഭിക്കാത്തതിനാൽ അന്ന് പദ്ധതി വൈകുകയായിരുന്നു.

വേൾഡ് ബാങ്കിന്റെ ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ (IFC) പോലുള്ള ബഹുരാഷ്ട്ര ഏജൻസികൾ മുൻപ് വിദേശത്തും ആഭ്യന്തര വിപണിയിലുമായി രൂപ ബോണ്ടുകൾ (മസാല ബോണ്ടുകൾ) പുറത്തിറക്കിയിരുന്നു.

2015-ൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ചേർന്നാണ് NDB സ്ഥാപിച്ചത്. ഇതുവരെ സമാഹരിച്ച 11 ബില്യൺ ഡോളർ ബോണ്ടുകളിൽ മൂന്നിലൊന്ന് തുകയും പ്രാദേശിക കറൻസികളിലാണ്. 2022-26 ലെ തന്ത്രപരമായ റിപ്പോർട്ട് അനുസരിച്ച്, ആകെ ധനസഹായത്തിന്റെ 30 ശതമാനം അംഗരാജ്യങ്ങളുടെ ദേശീയ കറൻസികളിൽ നൽകാനാണ് NDB ലക്ഷ്യമിടുന്നത്.

Related Articles

Latest Articles