പാലക്കാട്: പാലക്കാട് നിയമസഭാ ഉപതരഞ്ഞെടുപ്പിനുള്ള പരസ്യപ്രചരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും. അവസാന ലാപ്പിലെത്തുമ്പോഴും വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. ഒരു മാസത്തിനിടെ നിരവധി നാടകീയ സംഭവങ്ങള്‍ക്കാണ് പാലക്കാട് സാക്ഷിയായത്. കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന പി സരിന്‍ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായത് മുതല്‍ കഴിഞ്ഞ ദിവസം ബിജെപിയുടെ മുഖമായിരുന്ന സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് വരെ പാലക്കാട് സാക്ഷ്യം വഹിച്ചു.
ഇരുപത്തിയേഴ് ദിവസം നീണ്ടുനുന്ന പ്രചരണമാണ് ഇന്ന് കൊട്ടിക്കലാശത്തോടെ അവസാനിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ, എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ, എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിൻ എന്നിവർ തമ്മിലാണ് കനത്ത മത്സരം നടക്കുന്നത്. എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്ര അറിയിച്ചു.
നിശ്ശബ്ദ പ്രചാരണം മാത്രം അനുവദനീയമായ അവസാന 48 മണിക്കൂറില്‍ നിയമവിരുദ്ധമായി ആളുകള്‍ കൂട്ടം ചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്യാന്‍ പാടില്ല. ഉച്ചഭാഷിണികള്‍ ഉപയോഗിക്കാനോ ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കാനോ പാടില്ല. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനിടയുള്ള ഒരു തരത്തിലുള്ള പ്രദര്‍ശനവും ബള്‍ക്ക് എസ്എംഎസ്/വോയിസ് മെസേജുകള്‍, സിനിമ, ടെലിവിഷന്‍ പരിപാടികള്‍, പരസ്യങ്ങള്‍, സംഗീത പരിപാടികള്‍, നാടകങ്ങള്‍, മറ്റ് സമാന പ്രദര്‍ശനങ്ങള്‍, എക്‌സിറ്റ് പോള്‍ മുതലായവഅനുവദിക്കില്ല. ലംഘിക്കുന്നവര്‍ക്ക് ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷൻ 126 (1) എ പ്രകാരം തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.

