പട്ടാമ്പി: ജിഎസ്ടി അടച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് വ്യാപാരിയിൽ നിന്ന് നാലര ലക്ഷം രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. തൃത്താല തച്ചറംകുന്ന് കളത്തിൽ വീട്ടിൽ നവാസ് ബിൻ അലി (34) ആണ് അറസ്റ്റിലായത്. 2022 നവംബർ മുതൽ 2023 ജൂൺ വരെയുള്ള കാലയളവിൽ പരാതിക്കാരന്റെ പി.കെ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിൻ്റെ ജിഎസ്ടി തുക അടച്ചു നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കേസ് രജിസ്റ്റർ ചെയ്തതുമുതൽ ഇയാൾ ഒളിവിലായിരുന്നു. തെളിവെടുപ്പിന്റെ ഭാഗമായി പ്രതിയുടെ പട്ടാമ്പിയിലെ നവാസ് ആൻഡ് അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിലും പോലീസ് അന്വേഷണം നടത്തിയിട്ടുണ്ട്.
പരാതിക്കാരനിൽ നിന്ന് എട്ട് തവണകളായി 4,50,000 രൂപ കൈപറ്റിയെങ്കിലും ഇയാൾ നികുതി അടച്ചിരുന്നില്ല. ഇതിന് പുറമെ 54,555 രൂപയുടെ വ്യാജ ജിഎസ്ടി രസീത് നൽകി വിശ്വാസവഞ്ചന കാണിച്ചതിനും പോലീസ് കേസെടുത്തിട്ടുണ്ട്.തൃത്താല, ചാലിശ്ശേരി സ്റ്റേഷനുകളിൽ സമാന കുറ്റകൃത്യങ്ങളിൽ നവാസ് നേരത്തെ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

