ഉത്തർപ്രദേശിലെ ബിജ്‌നോറിൽ തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ.കോട്വാലി ദേഹത് പോലീസ് സ്റ്റേഷൻ പരിധിയിലെ ഗംഗോഡ ഗ്രാമത്തിലാണ് സംഭവം.
ഇരുപതുകാരനായ മുഹമ്മദ് ആസിഫാണ് കൊല്ലപ്പെട്ടതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരുപത്തിയൊന്നുകാരനായ അയാനാണ് കേസിൽ അറസ്റ്റിലായത്. കൊലപാതക ശേഷം ആസിഫിന്റെ മൃതദേഹം കഷ്ണങ്ങളാക്കി മാറ്റിയ പ്രതി പിന്നീട് മൃതദേഹം കരിമ്പ് തോട്ടത്തിൽ കുഴിച്ചിടുകയും ചെയ്തു. ജൂലൈ 26 നാണ് ആസിഫിനെ കാണാതായത്. ആസിഫിൻ്റെ കുടുംബം പിറ്റേദിവസം ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയിരുന്നു.
പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ച അയനെ പിറ്റേന്ന് രാവിലെ കൂടുതൽ ചോദ്യം ചെയ്യലിനായി വീണ്ടും കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്നാണ് ആസിഫിനെ കൊലപ്പെടുത്തിയതായി അയാൻ സമ്മതിച്ചത്. സംഭവ ദിവസം മദ്യപിച്ച ആസിഫ് തന്നെ കരിമ്പിന് തോട്ടത്തിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനാലാണ് കൃത്യം നടത്തിയതെന്നാണ് ഇയാളുടെ മൊഴി.
മൃതദേഹവും കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെടുത്തതായും പോലീസ് അധികൃതർ വ്യക്തമാക്കി.
മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ മുതിർന്ന സഹപാഠി ലൈംഗികമായി പീഡിപ്പിച്ച് ആഴ്ചകൾക്ക് ശേഷമാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യുന്നത്. കേസിൽ സ്‌കൂൾ പ്രിൻസിപ്പലിൻ്റെ പരാതിയിൽ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു.
സംഭവത്തിൽ പീഡനത്തിനിരയായ 12 വയസുകാരിയും പ്രതി 14 കാരനുമാണ്.

