ഇസ്ലാമബാദ് : പാകിസ്ഥാനിൽ ചൈനീസ് എൻജിനീയർമാർക്ക് നേരെയുണ്ടായ ബോംബേറിലും വെടിവയ്‌പിലും രണ്ടു ബലൂചിസ്ഥാൻ വിമതർ കൊല്ലപ്പെട്ടു. ചൈനയെയും പാകിസ്ഥാനിലെ ഗ്വാദർ തുറമുഖത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന വാണിജ്യ പാതയുടെ നിർമാണ മേൽനോട്ടം വഹിക്കുന്ന ചൈനീസ് എൻജിനീയർമാർക്ക് നേരെയായിരുന്നു ആക്രമണശ്രമം.ഇന്ന് രാവിലെ ആക്രമണമുണ്ടായത്.
ചൈനീസ് എൻജിനീയർമാർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെ ബോംബെറിയുകയും വെടിവയ്ക്കുകയുമായിരുന്നു. ചൈനീസ് അധികൃതർ ആക്രമണത്തിൽ നിന്നും പരിക്കേൽക്കാതെ രക്ഷപ്പെട്ടുവെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) ഏറ്റെടുത്തു. പാകിസ്ഥാനിലെ ചൈനയുടെ നിക്ഷേപത്തെ എതിർത്താണ് ആക്രമണമെന്നും പദ്ധതി പാകിസ്ഥാനികൾക്ക് ഗുണകരമാകാത്ത പദ്ധതിയാണ് ചൈന നടപ്പാക്കുന്നതെന്ന് ബിഎൽഎ ആരോപിച്ചു.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പൗരന്മാർ വീടുകളിൽ തന്നെ കഴിയണമെന്ന് ചൈനീസ് കോൺസുലേറ്റ് നിർദേശം നൽകി. ചൈന–പാക്ക് ഇക്കണോമിക് കോറിഡോർ (സിപിഇസി) പദ്ധതിക്കായി 6000 കോടി ഡോളറാണ് ചൈന ചിലവാക്കുന്നത്. പത്ത് വർഷം കൊണ്ട് ഗ്വാദർ തുറമുഖം പൂർണമായും പ്രവർത്തന സജ്ജമാക്കി മാറ്റി ഏഷ്യയുടെ ചരക്കുനീക്കത്തിന്റെ കേന്ദ്രമാക്കി മാറ്റുകയാണ് ചൈനയുടെ ലക്ഷ്യം. പാകിസ്ഥാന്റെ ഉന്നമനം കൂടിയാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ചൈന വാദിക്കുന്നെണ്ടെങ്കിലും പാതയുടെ നിർമ്മാണത്തിന് ചൈനീസ് തൊഴിലാളികളാണ് രംഗത്തുള്ളത്. ഇതോടെ തൊഴിൽ പ്രതീക്ഷിച്ച നിരവധി ചെറുപ്പക്കാർ നിരാശരാണ്. അതെ സമയം പാത കടന്നുപോകുന്നത് പാക് അധിനിവേശ കശ്‌മീരിലൂടെയും ഇന്ത്യയ്ക്ക് അവകാശപ്പെട്ട മണ്ണിലൂടെയുമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു

