Thursday, October 1, 2026

കല്ലമ്പലത്ത് യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ ജീവനെടുത്തത് സുഹൃത്ത്

തിരുവനന്തപുരം : കല്ലമ്പലത്ത് യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. ചിറ്റായിക്കോട് സ്വദേശി രാജുവിനെ കൊലപ്പെടുത്തിയത് സുഹൃത്ത് സുനിലാണെന്ന് പോലീസ് വ്യക്തമാക്കി. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതക കാരണം.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് രാജുവിനെ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുങ്ങി മരണമെന്നു ആദ്യം സംശയിച്ച കേസിൽ സുഹൃത്ത് സുനിലിന്റെ മൊഴിയിലെ വൈരുധ്യമാണ് കേസിന്റെ ചുരുളഴിച്ചത്. മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതോടെ പോലീസ് അന്വേഷണം ഊർജിതമാക്കുകയും രാജുവിന്റെ നാലു സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയും ചെയ്തു. സുനിലിന്റെ മൊഴിയിൽ വൈരുധ്യമുണ്ടെന്നു കണ്ടെത്തിയതോടെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ഇതോടെ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ രാജുവിനെ കുളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നു സുനിൽ സമ്മതിച്ചു. മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോയെന്നും അന്വേഷിച്ചു വരികയാണ്.

Related Articles

Latest Articles