കണ്ണൂർ അഴീക്കൽ ഹാർബറിന് സമീപം അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ഒഡീഷ സ്വദേശിയായ രമേഷ് ദാസാണ് മരിച്ചത്. തലയ്ക്ക് കല്ലിട്ടാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. വളപട്ടണം പോലീസിന്റെ നേതൃത്വത്തിൽ പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട് .
ഹാർബറിന് സമീപം പുതുതായി നിർമിക്കുന്ന കെട്ടിടത്തിലാണ് തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രാവിലെ നിർമാണ തൊഴിലാളികൾ സ്ഥലത്തെത്തിയപ്പോഴാണ് ആദ്യം മൃതദേഹം കാണുന്നത്. തലയ്ക്ക് മുറിവേറ്റ് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. തൊട്ടടുത്തായി തകർന്ന ചെങ്കല്ലുമുണ്ടായിരുന്നു
രമേഷിന്റെ കഴുത്തിലും മുറിവേറ്റ പാടുകളുണ്ടായിരുന്നു. മൃതദേഹത്തിന് സമീപത്തായി രണ്ട് സിം കാർഡുകളും കണ്ടെത്തിയിട്ടുണ്ട്. കല്ലുകൊണ്ട് തലയ്ക്കടിച്ചതാണ് മരണകാരണമെന്ന് പൊലീസ് വ്യക്തമാക്കി. അടിയിൽ തലയോട്ടി തകർന്നിട്ടുണ്ട്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

